മാഞ്ചസ്റ്ററിൽ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനിടെ കാൽവിരലിന് പരിക്കേറ്റ ഇന്ത്യയുടെ സൂപ്പർ വിക്കറ്റ് കീപ്പർ-ബാറ്റർ റിഷഭ് പന്തിന് ഏഷ്യാ കപ്പ് നഷ്ടമാകും. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലും അദ്ദേഹത്തിൻ്റെ പങ്കാളിത്തം സംശയത്തിലാണ്.

ക്രിസ് വോക്സിൻ്റെ പന്തിൽ റിവേഴ്സ് സ്വീപ്പിന് ശ്രമിക്കുന്നതിനിടെയാണ് പന്തിന് പരിക്കേറ്റത്. പരിക്ക് കാരണം നാലാം ടെസ്റ്റിൽ അദ്ദേഹം വിക്കറ്റ് കീപ്പർ ഗ്ലൗസ് ധരിച്ചിരുന്നില്ല. കൂടാതെ, അഞ്ചാം ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. ശസ്ത്രക്രിയ ആവശ്യമില്ലെങ്കിലും, കുറഞ്ഞത് ആറ് ആഴ്ചയെങ്കിലും അദ്ദേഹത്തിന് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
സെപ്റ്റംബർ 10-ന് യുഎഇയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ഏഷ്യാ കപ്പ് പോരാട്ടം ആരംഭിക്കുന്നത്, സെപ്റ്റംബർ 14-ന് ചിരവൈരികളായ പാകിസ്ഥാനെ നേരിടും. ഏകദിനത്തിലും ടി20യിലും പന്ത് ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് കീപ്പർ അല്ലാത്തതിനാൽ അദ്ദേഹത്തിൻ്റെ അഭാവം വൈറ്റ്-ബോൾ ടീമിനെ കാര്യമായി ബാധിക്കില്ല.
എന്നാൽ, ഒക്ടോബർ 2-ന് അഹമ്മദാബാദിൽ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിൽ അദ്ദേഹത്തിൻ്റെ അഭാവം ഇന്ത്യക്ക് വലിയ തിരിച്ചടിയാകാൻ സാധ്യതയുണ്ട്.