ന്യൂസിലാണ്ടിനെതിരെ രണ്ടാം ടി20യിലും വിജയം ആവര്‍ത്തിച്ച് പാക്കിസ്ഥാന്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 153/7 എന്ന സ്കോര്‍ നേടിയപ്പോള്‍ പാക്കിസ്ഥാന് ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ 19.4 ഓവറുകളില്‍ മറികടക്കുകയായിരുന്നു. 21 പന്തില്‍ നിന്ന് 34 റണ്‍സ് നേടിയ മുഹമ്മദ് ഹഫീസിന്റെ ഇന്നിംഗ്സാണ് മത്സര ഗതി മാറ്റിയത്. ബൗണ്ടറി നേടി പാക്കിസ്ഥാന്റെ വിജയം ഉറപ്പാക്കിയതും ഹഫീസ് ആയിരുന്നു. ബാബര്‍ അസം(40), ആസിഫ് അലി(38), ഫകര്‍ സമന്(24) എന്നിവരും നിര്‍ണ്ണായകമായ ഇന്നിംഗ്സുകള്‍ കാഴ്ചവെച്ചു.
ഇഷ് സോധിയുടെ 17ാം ഓവറില്‍ രണ്ട് സിക്സ് സഹിതം 17 റണ്‍സ് നേടിയ ഹഫീസാണ് പാക്കിസ്ഥാനെ വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. അവസാന രണ്ടോവറില്‍ വിജയിക്കുവാന്‍ 14 റണ്‍സാണ് നേടേണ്ടിയിരുന്നത്. കൂറ്റനടികള്‍ പിറന്നില്ലെങ്കിലും ടിം സൗത്തി എറിഞ്ഞ 19ാം ഓവറില്‍ നിന്ന് 7 റണ്‍സ് നേടുവാന്‍ പാക്കിസ്ഥാനു സഹായിച്ചു. എക്സ്ട്രാസ് എറിഞ്ഞ് സൗത്തിയും പാക്കിസ്ഥാനെ സഹായിക്കുകയായിരുന്നു
അവസാന ഓവര്‍ എറിഞ്ഞ ആഡം മില്‍നെയുടെ ആദ്യ പന്തില്‍ സിംഗിള്‍ നേടി ഹഫീസ് സ്ട്രൈക്ക് കൈമാറിയെങ്കിലും ഷൊയ്ബ് മാലികിനെ രണ്ടാം പന്തില്‍ പാക്കിസ്ഥാനു നഷ്ടമായി. മൂന്നാം പന്തില്‍ ഡബിളും നാലാം പന്തില്‍ ബൗണ്ടറിയും നേടി പരിചയസമ്പന്നനായ ഹഫീസ് പാക്കിസ്ഥാന് വിജയം രണ്ട് പന്ത് അവശേഷിക്കെ ഉറപ്പാക്കുകയായിരുന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് കോളിന് മണ്‍റോ, കോറെ ആന്ഡേഴ്സണ് എന്നിവരുടെ വെടിക്കെട്ട് ഇന്നിംഗ്സുകള്‍ക്ക് പിന്നാലെ കെയിന്‍ വില്യംസണ് നേടിയ 37 റണ്‍സിന്റെയും ബലത്തിലാണ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് നേടിയത്. 28 പന്തില്‍ നിന്ന് മണ്‍റോ 44 റണ്‍സ് നേടിയപ്പോള്‍ ആന്ഡേഴ്സണ് 25 പന്തില്‍ നിന്ന് 44 റണ്‍സുമായി പുറത്താകാതെ നിന്നു. പാക്കിസ്ഥാനു വേണ്ടി ഷഹീന് അഫ്രീദി മൂന്ന് വിക്കറ്റ് വീഴ്ത്തി.