ദി ഹണ്ട്രെഡിലെ ആദ്യ മത്സരം 5 വിക്കറ്റ് വിജയവുമായി ഓവൽ ഇന്‍വിന്‍സിബിള്‍സ്

ക്രിക്കറ്റിന്റെ ഏറ്റവും പുതിയ ഫോര്‍മാറ്റായ ദി ഹണ്ട്രെഡിന്റെ വനിത മത്സരത്തിൽ മാഞ്ചസ്റ്ററിനെ പരാജയപ്പെടുത്തി ഓവൽ. ആദ്യം ബാറ്റ് ചെയ്ത മാഞ്ചസ്റ്റര്‍ ഒറിജിനൽസ് നൂറ് പന്തിൽ 6 വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് നേടിയപ്പോള്‍ 98 പന്തിൽ ലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഓവൽ ഇന്‍വിന്‍സിബിള്‍സ് മറികടക്കുകയായിരുന്നു.

മാഞ്ചസ്റ്ററിന് വേണ്ടി ലിസേല്‍ ലീ 42 റൺസും ഹര്‍മ്മന്‍പ്രീത് കൗര്‍ 16 പന്തിൽ 29 റൺസും നേടി. ജോര്‍ജ്ജി ബോയിസ് 21 റൺസ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ കേറ്റ് ക്രോസ് പുറത്താകാതെ 4 പന്തിൽ 12 റൺസ് നേടി. ഓവലിന് വേണ്ടി താഷ് ഫാറന്റ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ മരിസാനേ കാപ്പ് രണ്ട് വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓവൽ ഒരു ഘട്ടത്തിൽ 36/4 എന്ന നിലയിലേക്ക് വീണുവെങ്കിലും അഞ്ചാം വിക്കറ്റിൽ മരിസാനേ കാപ്പ് – ഡെയിന്‍ വാന്‍ നീക്കെര്‍ക്ക് കൂട്ടുകെട്ട് നേടിയ 73 റൺസ് കൂട്ടുകെട്ട് ടീമിനെ തിരികെ മത്സരത്തിലേക്ക് എത്തിയ്ക്കുകയായിരുന്നു. 50 പന്തിൽ നിന്നാണ് ഈ സ്കോര്‍ ഇവര്‍ നേടിയത്.

കാപ്പ്(38) പുറത്തായ ശേഷം മാഡി വില്ലിയേഴ്സിനൊപ്പം(16*) 30 റൺസ് നേടിയാണ് നീക്കെര്‍ക്ക് ഓവലിനെ വിജയത്തിലേക്ക് നയിച്ചത്. 56 റൺസ് ആണ് താരം നേടിയത്. മാഞ്ചസ്റ്ററിന് വേണ്ടി കേറ്റ് ക്രോസ് 3 വിക്കറ്റ് നേടി.