വനിതാ ടെന്നീസിൽ എക്കാലത്തെയും മികച്ച കളിക്കാരിയായ സെറീന വില്ല്യംസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് ജപ്പാനിൽ നിന്നുള്ള ഇരുപത് വയസ്സുകാരി ഒസാക്ക പുതിയ ചരിത്രമെഴുതി. സ്‌കോർ: 6-2,6-4. തന്റെ ഇഷ്ടതാരവും ആരാധനാപാത്രവുമായ സെറീനയെ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു ഒസാക്ക പുറത്തെടുത്തത്. 24 കിരീടങ്ങൾ എന്ന മാർഗരറ്റ് കോർട്ടിന്റെ എക്കാലത്തെയും റെക്കോഡിനൊപ്പം എത്തുക എന്ന സെറീനയുടെ മോഹത്തിന് ഭംഗം വരുത്തിയാണ് ജപ്പാൻ താരം കിരീടമുയർത്തിയത്. അമ്മയായ ശേഷമുള്ള തിരിച്ചുവരവിൽ രണ്ട് ഗ്രാൻഡ്സ്ലാം ഫൈനലുകളിലും സെറീനയ്ക്ക് തോറ്റു. നേരത്തേ വിംബിൾഡണിൽ കെർബർ സെറീനയെ തോല്പിച്ചിരുന്നു.
വിവാദങ്ങൾ നിറഞ്ഞു നിന്ന ഫൈനൽ മത്സരമായിരുന്നു യുഎസ് ഓപ്പണിൽ അരങ്ങേറിയത്. സെറീനയുടെ പ്ലെയർ ബോക്സിലിരുന്ന് കോച്ചിങ് ലെസ്സൺ നൽകിയതിന് സെറീനയ്ക്കെതിരെ ചെയർ അമ്പയർ കാർലോസ് റാമോസ് കോർട്ട് വയലേഷൻ വിളിച്ചത് മുതലാണ് വിവാദങ്ങളുടെ ആരംഭം. നിലവിൽ ഗ്രാൻഡ്സ്ലാമുകളിൽ കോച്ചിങ് നൽകുന്നത് കുറ്റകരമാണ്. എന്നാൽ മറ്റുമത്സരങ്ങളിൽ അതിന് വിലക്കില്ല. കോച്ചിങ് നൽകി എന്നും സെറീന അത് കണ്ടിട്ടില്ലെന്നും മത്സരശേഷം കോച്ച് ട്വീറ്റ് ചെയ്തു.
ശക്തമായി പ്രതികരിച്ച സെറീന അമ്പയർ മാപ്പ് പറയണമെന്നും താൻ ഒരിക്കലും ചതി ചെയ്തിട്ടില്ല എന്നും, ചതിക്കുന്നതിൽ ഭേദം തോൽക്കുകയാണെന്നും, ഒരു കുഞ്ഞിന്റെ അമ്മയായത് കൊണ്ടു തന്നെ അവൾക്ക് കൂടെ ശരിയായത് മാത്രമേ ചെയ്യൂ എന്നും പറഞ്ഞു. കുറച്ച് കഴിഞ്ഞ് കോർട്ടിൽ റായ്ക്കറ്റ് അടിച്ച് പൊട്ടിച്ചതിന് വീണ്ടും കോർട്ട് വയലേഷനും പോയിന്റ് നഷ്ടവും വിധിച്ചതോടെ സെറീന രൂക്ഷമായി അമ്പയർക്കെതിരെ തിരിഞ്ഞു. നിങ്ങൾ കള്ളനാണെന്ന് കൂടി പറഞ്ഞതോടെ കാണികൾ സെറീനയ്ക്ക് അനുകൂലമായി ഒച്ചവയ്ക്കാൻ തുടങ്ങി. മത്സരശേഷമുള്ള ട്രോഫി പ്രസന്റേഷനിലും ഇത് തുടർന്നത് അതിന്റെ മാറ്റ് കുറച്ചു.
വിവാദങ്ങൾ നിറഞ്ഞു നിന്ന മത്സരമായി എന്നിരുന്നാലും ഇത് ഉദയസൂര്യന്റെ നാട്ടിൽ നിന്നുള്ള പുതിയ താരോദയത്തിന്റെ പേരിൽ അറിയപ്പെടേണ്ട ഒന്നാണ്. സെറീനയ്ക്കെതിരെ ഒരിഞ്ച് പോലും പതറാതെ, കാണികളുടെ പെരുമാറ്റത്തിൽ ആശങ്കപ്പെടാതെ ഗ്രാൻഡ്സ്ലാം ഫൈനൽ പോലെ ഇത്രയും വലിയ മത്സരത്തിൽ ജയിച്ചു കയറിയതിന്. ഒസാക്കാ, ഇന്നത്തേത് പോലെ കാണികളുടെ കൂവലല്ല നിറഞ്ഞ കൈയ്യടികളാണ് നിന്നെ കാത്തിരിക്കുന്നത്