പുരുഷന്മാരുടെ 200 മീറ്റർ ഫ്രീസ്റ്റൈയിലിൽ സ്വർണവും വെള്ളിയും നേടി ബ്രിട്ടീഷ് താരങ്ങൾ. രണ്ടു തവണ വന്ന കോവിഡ് അതിജീവിച്ചു ഒളിമ്പിക്‌സിൽ എത്തിയ ടോം ഡീൻ സ്വർണം നേടിയപ്പോൾ സഹതാരം ഡങ്കൻ സ്‌കോട്ട് വെള്ളി മെഡൽ നേടി. ബ്രസീലിന്റെ ഫെർണാണ്ടോ ഷെഫർക്ക് ആണ് ഈ ഇനത്തിൽ വെങ്കലം. നീന്തൽ കുളത്തിൽ ടോക്കിയോയിൽ ബ്രിട്ടന്റെ രണ്ടാം സ്വർണം നേടിയ ഡീൻ 1 മിനിറ്റ് 44.22 സെക്കന്റിൽ ആണ് 200 മീറ്റർ പൂർത്തിയാക്കിയത്. 1 മിനിറ്റ് 44.26 സെക്കന്റ് ആയിരുന്നു വെള്ളി മെഡൽ നേടിയ ഡങ്കൻ സ്കോട്ടിന്റെ സമയം.
അതേസമയം രാജ്യം ഇല്ലെങ്കിലും റഷ്യൻ ഒളിമ്പിക് കമ്മിറ്റി ടീമിലെ റഷ്യൻ തഹരങ്ങക് തങ്ങളുടെ മികവ് ആവർത്തിക്കുക ആണ് ടോക്കിയോയിൽ. പുരുഷന്മാരുടെ 100 മീറ്റർ ബാക്സ്ട്രോക്കിൽ സ്വർണവും വെള്ളിയും റഷ്യൻ താരങ്ങൾ നേടി. 51.98 സെക്കന്റിൽ നീന്തി കയറി സ്വർണം നേടിയ എവ്‌ജനി റൈലോവും 52 സെക്കന്റിൽ നീന്തിക്കയറി വെള്ളി നേടിയ ക്ലിമന്റ് കോലസ്നികോവും ഈ ഇനത്തിലെ ലോക റെക്കോർഡ് ജേതാവ് അമേരിക്കയുടെ റയാൻ മർഫിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി. നീന്തലിൽ തിരിച്ചടി നേരിടുന്ന അമേരിക്കക്ക് മർഫിയുടെ വെങ്കലം മറ്റൊരു വലിയ അടിയായി.