ഒളിമ്പിക് ചരിത്രത്തിൽ തന്റെ രാജ്യത്തിനു ആദ്യ മെഡൽ സമ്മാനിച്ചു അലസാന്ദ്ര പെരില്ലി. വനിതകളുടെ ഷൂട്ടിംഗ് ട്രാപ്പിൽ വെങ്കല മെഡൽ ആണ് 33 കാരിയായ അലസാന്ദ്ര രാജ്യത്തിനു സമ്മാനിച്ചത്. ഇറ്റലിയാൽ ചുറ്റപ്പെട്ടു കിടക്കുന്ന വെറും 24 സ്ക്വയർ കിലോമീറ്റർ മാത്രം ഭൂ വിസ്തൃതിയുള്ള 34,000 ത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള സാൻ മറിനോ ഇതോടെ ഒളിമ്പിക് ചരിത്രത്തിൽ മെഡൽ നേടുന്ന ഏറ്റവും ചെറിയ രാജ്യമായി മാറി.
വനിതാ ട്രാപ്പിൽ 50 ഷോട്ടിൽ 43 എണ്ണവും ലക്ഷ്യം കണ്ടു പുതിയ ഒളിമ്പിക് റെക്കോർഡ് നേടിയ സ്ലോവാക്യൻ താരം സുസന്ന സ്റ്റവസകോവയാണ് ഈ ഇനത്തിൽ സ്വർണം നേടിയത്. അതേസമയം നേരിയ വ്യത്യാസത്തിൽ 42 പോയിന്റുമായി അമേരിക്കൻ താരം കെയിൽ ബ്രോവിണിങ് ആണ് ഈ ഇനത്തിൽ വെള്ളി നേടിയത്. 29 പോയിന്റുകൾ നേടിയാണ് സാൻ മറിനോക്ക് പെരില്ലി ചരിത്ര മെഡൽ സമ്മാനിച്ചത്. 1960 മുതൽ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന സാൻ മറിനോക്ക് ഈ ഒളിമ്പിക്സിൽ വെറും 6 താരങ്ങൾ ആണ് ഉള്ളത്. അവിടെ നിന്നാണ് പെരില്ലിയുടെ ഈ ചരിത്ര നേട്ടം.