2020 ടോക്കിയോ ഒളിമ്പിക്‌സിലേക്ക് റോമിൽ നടന്ന യോഗ്യതയിൽ യോഗ്യത നേടി മലയാളി നീന്തൽ താരം സാജൻ പ്രകാശ്. 200 മീറ്റർ ബട്ടർ ഫ്ലെ ഇനത്തിൽ ആണ് സാജൻ യോഗ്യത നേടിയത്. 1.56.38 മിനിറ്റിൽ റോമിൽ നീന്തൽ പൂർത്തിയാക്കിയ സാജൻ ആദ്യ സ്ഥാനത്ത് എത്തുകയും ചെയ്തു. ടോക്കിയോ ഒളിമ്പിക്സ് യോഗ്യത ആയ 1.56.48 മിനിറ്റിനെക്കാൾ വളരെ മികച്ച സമയം തന്നെയാണ് സാജൻ കുറിച്ചത്. ഒളിമ്പിക് എ കട്ട് യോഗ്യത നേടുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ നീന്തൽ താരമായും സാജൻ ഇതോടെ മാറി.
തന്റെ പേരിലുള്ള ഈ ഇനത്തിലെ ദേശീയ റെക്കോർഡും സാജൻ ഇതോടെ മറികടന്നു. 2016 റിയോ ഒളിമ്പിക്‌സിലും മത്സരിച്ച സാജൻ കൂടുതൽ മികച്ച പ്രകടനം ആണ് ടോക്കിയോ ഒളിമ്പിക്‌സിൽ ലക്ഷ്യം വക്കുന്നത്. അതേസമയം 100 മീറ്റർ ബാക് സ്ട്രോക്കിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരം ശ്രീഹരി നടരാജ് എ കട്ട് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടു. വേണ്ട സമയത്തിന് വെറും 0.05 സെക്കന്റ് കൂടുതൽ സമയം ആണ് ശ്രീഹരി എടുത്തത്. നിർഭാഗ്യം കൊണ്ടു ഇത്തവണ നേടാൻ ആവാത്ത യോഗ്യത നേടി ഒളിമ്പിക്സിൽ മത്സരിക്കാൻ ആവും ശ്രീഹരി വരും ദിനങ്ങളിൽ ശ്രമിക്കുക.