ഒളിമ്പിക് സ്വർണ മെഡൽ നേട്ടം അടക്കം ഗോൾഡൻ സ്‌ലാം ലക്ഷ്യമിടുന്ന നൊവാക് ജ്യോക്കോവിച്ച് ഒളിമ്പിക് ടെന്നീസ് സിംഗിൾസിൽ അനായാസം സെമിഫൈനലിൽ എത്തി. ജപ്പാന്റെ പ്രതീക്ഷയായ മുൻ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവ് കെയ് നിഷികോരിയെ അക്ഷരാർത്ഥത്തിൽ തകർക്കുക ആയിരുന്നു സെർബിയൻ താരം ക്വാർട്ടർ ഫൈനലിൽ. ആദ്യ സെറ്റിൽ നൽകിയ രണ്ടു ഗെയിമുകൾ ഒഴിച്ചാൽ രണ്ടു സെറ്റിൽ മറ്റൊന്നും ജ്യോക്കോവിച്ച് നിഷികോരിക്ക് നൽകിയില്ല. 6-2, 6-1 നു ജയം കണ്ടു ലോക ഒന്നാം നമ്പർ സെമിഫൈനലിലേക്ക്. അതേസമയം ഫ്രഞ്ച് യുവ താരം ഉഗോ ഉമ്പർട്ടിനെ മൂന്നു സെറ്റ് പോരാട്ടത്തിൽ വീഴ്‌ത്തി റഷ്യൻ ഒളിമ്പിക് കമ്മിറ്റിയുടെ കാരൻ ഖാചനോവും സെമിയിൽ എത്തി. 7-6, 4-6, 6-3 എന്ന സ്കോറിന് ആയിരുന്നു റഷ്യൻ താരം ജയിച്ചത്.
അതേസമയം ലോക രണ്ടാം നമ്പർ താരം റഷ്യൻ ഒളിമ്പിക് കമ്മിറ്റിയുടെ ഡാനിൽ മെദ്വദേവ് സെമിഫൈനൽ കാണാതെ പുറത്ത് പോയി. സ്പാനിഷ് താരം പാബ്ലോ കരെനോ ബുസ്റ്റയാണ് മെദ്വദേവിനെ ഞെട്ടിച്ചത്. ആദ്യ സെറ്റിൽ 6-2 നു അനായാസ ജയം കണ്ട സ്പാനിഷ് താരം വരാനിരിക്കുന്നതിന്റെ സൂചന നൽകി. രണ്ടാം സെറ്റിൽ മെദ്വദേവ് പൊരുതിയെങ്കിലും ടൈബ്രേക്കറിലൂടെ രണ്ടാം സെറ്റ് കയ്യിലാക്കിയ ബുസ്റ്റ ഒളിമ്പിക് സെമിഫൈനൽ ഉറപ്പിച്ചു. ഫ്രഞ്ച് താരം ജെറമി ചാർഡിയെ അനായാസം വീഴ്ത്തിയ ജർമ്മൻ താരം അലക്‌സാണ്ടർ സാഷ സെരവും ഒളിമ്പിക് സെമിഫൈനൽ ഉറപ്പിച്ചു. 6-4, 6-1 എന്ന സ്കോറിന് അനായാസ ജയം ആണ് സെരവ് കൈക്കലാക്കിയത്. സെമിയിൽ നാലാം സീഡ് സെരവ് ജ്യോക്കോവിച്ചിനെ നേരിടുമ്പോൾ ബുസ്റ്റ ഖാചനോവിനെ നേരിടും.