ഗോൾഡൻ സ്‌ലാം ചരിത്രത്തിലെ അത്ഭുത നേട്ടവും ആദ്യ ഒളിമ്പിക് സ്വർണവും തേടി ടോക്കിയോയിൽ എത്തിച്ച നൊവാക് ജ്യോക്കോവിച്ചിനു വീണ്ടും തിരിച്ചടി. ഇന്നലെ സെമിയിൽ വീണ ജ്യോക്കോവിച്ച് ഇന്ന് വെങ്കല മെഡലിനായുള്ള പോരാട്ടത്തിലും തോൽവി വഴങ്ങി. രണ്ടാം റാങ്കുകാരൻ മെദ്വദേവിനെ നേരത്തെ അട്ടിമറിച്ച സ്പാനിഷ് താരം പാബ്ലോ കരെനോ ബുസ്റ്റയാണ് ലോക ഒന്നാം നമ്പർ താരത്തിന്റെ ഒളിമ്പിക് മെഡൽ സ്വപ്നങ്ങൾക്ക് വിലങ്ങു തടിയായത്. ആദ്യം ബ്രൈക്ക് വഴങ്ങിയ ശേഷം തിരിച്ചു ബ്രൈക്ക് ചെയ്തു ആദ്യ സെറ്റിൽ തിരിച്ചു വന്നു ബുസ്റ്റ.ആദ്യ സെറ്റ് 6-4 നു തോറ്റതോടെ തുടർച്ചയായ മൂന്നാം സെറ്റ് ആണ് ജ്യോക്കോവിച്ച് വഴങ്ങിയത്.
രണ്ടാം സെറ്റിൽ തിരിച്ചു വന്ന ജ്യോക്കോവിച്ച് ആദ്യം തന്നെ സെറ്റിൽ ആധിപത്യം നേടി. എന്നാൽ തിരിച്ചു വന്ന ബുസ്റ്റ സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടി. ടൈബ്രേക്കറിൽ സെറ്റ് നേടിയ ജ്യോക്കോവിച്ച് മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. എന്നാൽ മൂന്നാം സെറ്റിലും ജ്യോക്കോവിച്ചിനെ മോശം സമയവും വിശ്രമം ഇല്ലാത്ത മത്സരങ്ങളുടെ തളർച്ചയും വേട്ടയാടിയപ്പോൾ സെറ്റ് 6-3 നു കൈവിട്ട് താരം പരാജയം സമ്മാനിച്ചു. മാച്ച് പോയിന്റിൽ അടക്കം വലിയ റാലികളിൽ ജ്യോക്കോവിച്ചിനെതിരെ പിടിച്ചു നിൽക്കുകയും ജയിക്കുകയും ചെയ്തു സ്പാനിഷ് താരം. നിരാശ കാരണം ദേഷ്യം കൊണ്ടു തന്റെ റാക്കറ്റ് നിലത്ത് അടിച്ചു പൊട്ടിക്കുന്ന ജ്യോക്കോവിച്ചിനെയും മത്സരത്തിൽ കാണാൻ സാധിച്ചു. ഒളിമ്പിക്‌സിൽ നേരിട്ട വലിയ തിരിച്ചടിയും തളർച്ചയും ജ്യോക്കോവിച്ച് വരും ദിനങ്ങളിൽ എങ്ങനെ അതിജീവിക്കും എന്നു കണ്ടറിയാം. അതേസമയം മത്സര ശേഷം മിക്സഡ് ഡബിൾസിൽ നിന്നു ജ്യോക്കോവിച്ച് പിന്മാറി, ഇതോടെ ഓസ്‌ട്രേലിയയുടെ ആഷ് ബാർട്ടി, ജോൺ പീർസ് സഖ്യം മിക്സഡ് ഡബിൾസിൽ വെങ്കലം നേടി. നദാൽ അടക്കമുള്ള താരങ്ങളുടെ അഭാവത്തിലും സ്പെയിന് മെഡൽ സമ്മാനിക്കാൻ ബുസ്റ്റക്ക് ആയത് സ്പാനിഷ് ടീമിന് നേട്ടമായി.