മൂന്നാം ദിനത്തിൽ മെഡൽ വേട്ടയിൽ ഒന്നാമത് എത്തി ആതിഥേയരായ ജപ്പാൻ. ടേബിൾ ടെന്നീസിൽ അടക്കം ചൈനീസ് ആധിപത്യം വെല്ലുവിളിച്ച് ആണ് ജപ്പാൻ ഒന്നാമത് എത്തിയത്. ആദ്യമായി ഒളിമ്പിക്സിൽ എത്തിയ ടേബിൾ മിക്സഡ് ടെന്നീസ് ഡബിൾസിൽ ജപ്പാൻ ടീം ലോക ഒന്നാം നമ്പർ ടീമായ ചൈനയെ ഞെട്ടിച്ചു. നിലവിൽ 8 സ്വർണവും 2 വെള്ളിയും 3 വെങ്കലവും ആണ് ജപ്പാന് സ്വന്തമായുള്ളത്. അതേസമയം നീന്തലിൽ ഇത് വരെ ഒരു സ്വർണം മാത്രം ആണ് നേടാൻ ആയത് എങ്കിലും ചൈനയെ പിന്തള്ളി അമേരിക്ക മെഡൽ നിലയിൽ രണ്ടാമത് എത്തി. ഇന്ന് മൂന്നു സ്വർണം ആണ് അമേരിക്ക നേടിയത്.
നിലവിൽ അമേരിക്കക്ക് 7 സ്വർണവും 3 വെള്ളിയും നാലു വെങ്കലവും അടക്കം 14 മെഡലുകൾ ആണ് ഉള്ളത്. ഇന്ന് വലിയ നിരാശ നേരിട്ട ചൈനക്ക് സ്വർണം ഒന്നും ലഭിച്ചില്ല. എന്നാൽ വെള്ളിയും വെങ്കലവും നിരവധി അവർ നേടി. നിലവിൽ 6 സ്വർണവും 5 വെള്ളിയും 7 വെങ്കലവും അടക്കം 18 മെഡലുകൾ ആണ് ചൈനക്ക് ഉള്ളത്. റഷ്യ ആയി അല്ലെങ്കിലും റഷ്യൻ ഒളിമ്പിക് കമ്മിറ്റിയും ശക്തമായ പ്രകടനം ആണ് പുറത്ത് എടുക്കുന്നത്. 4 സ്വർണവും 5 വെള്ളിയും 3 വെങ്കലവുമായി അവർ നിലവിൽ നാലാമത് ആണ്. നീന്തലിലും ഡൈവിങിലും സ്വർണം നേടി ബ്രിട്ടൺ 3 സ്വർണം നേടി മെഡൽ നിലയിൽ അഞ്ചാമത് നിൽക്കുമ്പോൾ അമ്പയ്ത്ത് ടീമിനങ്ങൾ തൂത്തു വാറിയ ദക്ഷിണ കൊറിയ ആണ് മൂന്നു സ്വർണവും ആയി ആറാമത്. നീന്തൽ കുളത്തിലെ മികവുമായി ഓസ്ട്രേലിയ നിലവിൽ ഏഴാം സ്ഥാനത്ത് ആണ്. ഇത് വരെ ലഭിച്ച ഏക വെള്ളി മെഡൽ നേട്ടവും ആയി ഇന്ത്യ നിലവിൽ 33 സ്ഥാനത്ത് ആണ്.