ഒളിമ്പിക്‌സിൽ ആദ്യമായി ഉൾപ്പെടുത്തിയ 4×100 മീറ്റർ മിക്സഡ് മെഡലെ റിലെ വലിയ ആവേശമായപ്പോൾ ലോക റെക്കോർഡ് തിരുത്തി സ്വർണം നേടി ബ്രിട്ടീഷ് ടീം. കാത്തലീൻ ഡൗസൻ, ആദം പീറ്റി, ജെയിംസ് ഗേ, അന്ന ഹോപ്കിൻ എന്നിവർ അടങ്ങിയ ബ്രിട്ടീഷ് ടീം ആണ് സ്വർണം നേടിയത്. നീന്തലിലെ നാലു ഇനങ്ങളും അടങ്ങിയ മെഡലെ റിലെയിൽ ബ്രിട്ടന്റെ തന്ത്രം വിജയിച്ചപ്പോൾ 3 മിനിറ്റ് 37.58 സെക്കന്റിൽ ലോക റെക്കോർഡ് കുറിച്ച അവർ സ്വർണം സ്വന്തം പേരിൽ കുറിച്ചു. നീന്തലിൽ ഈ വർഷം മികവ് തുടരുന്ന ചൈനയാണ് ഈ ഇനത്തിൽ വെള്ളി നേടിയത്.
അവസാന ലാപ്പിൽ ഫ്രീസ്റ്റൈൽ 100 മീറ്റർ പുരുഷ വിഭാഗം ജേതാവ് കാലബ് ഡ്രസലിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ച 100 മീറ്റർ വനിത ഫ്രീസ്റ്റൈൽ ജേതാവ് എമ്മ മക്കിയോൺ ഓസ്‌ട്രേലിയക്ക് ഇനത്തിൽ വെങ്കലം സമ്മാനിച്ചു. തൊട്ട് മുമ്പ് നടന്ന 50 മീറ്റർ ഫ്രീസ്റ്റൈൽ സെമിഫൈനലിന് ശേഷമാണ് ഡ്രസലും എമ്മയും മിക്സഡ് റിലെക്ക് എത്തിയത്. ഡ്രസൽ പുരുഷ വിഭാഗത്തിൽ അനായാസം ഫൈനലിലേക്ക് യോഗ്യത നേടിയപ്പോൾ വനിത വിഭാഗത്തിൽ എമ്മ ഒളിമ്പിക് റെക്കോർഡ് തിരുത്തിയാണ് ഫൈനലിലേക്ക് മുന്നേറിയത്. വെറും 24 സെക്കന്റിൽ എമ്മ 50 മീറ്റർ പൂർത്തിയാക്കി. ഒളിമ്പിക് നീന്തൽ കുളത്തിൽ 1908 നു ശേഷമുള്ള ഏറ്റവും മികച്ച പ്രകടനം ആണിത് ബ്രിട്ടീഷ് ടീമിന്.