ടോക്കിയോ ഒളിമ്പിക്‌സിലെ ആദ്യ സ്വർണ മെഡൽ ചൈനക്ക് സ്വന്തം. വനിതകളുടെ 10 മീറ്റർ എയർ റൈഫിലിളിൽ ഒളിമ്പിക് റെക്കോർഡ് നേട്ടത്തോടെയാണ് ചൈനീസ് താരം യാങ് ഷിയാൻ ഒളിമ്പിക് സ്വർണ മെഡൽ വെടി വച്ചിട്ടത്. അവസാന ഷോട്ട് വരെ മുന്നിട്ട് നിന്ന റഷ്യക്ക് ആയി ഒളിമ്പിക് കമ്മിറ്റിക്ക് കീഴിൽ മത്സരിക്കുന്ന അനസ്‌താഷ്യ ഗലാഷിനയുടെ അവസാന ഷോട്ടിലെ മോശം ഷോട്ട് ആണ് ചൈനീസ് താരത്തിന് സ്വർണ മെഡൽ സമ്മാനിച്ചത്. അവസാന ഷോട്ടിൽ 9 കടക്കാൻ റഷ്യൻ താരത്തിന് ആയില്ല എന്നാൽ മോശം ഷോട്ടിലും 9 കടന്ന ചൈനീസ് താരം സ്വർണം സ്വന്തം പേരിൽ കുറിച്ചു.
251.8 എന്ന പോയിന്റുകൾ കരസ്ഥമാക്കിയ ഏഷ്യൻ ജേതാവ് കൂടിയായ ചൈനീസ് താരം 10 മീറ്റർ എയർ റൈഫിലിളിൽ പുതിയ ഒളിമ്പിക് റെക്കോർഡും സ്വന്തം പേരിൽ കുറിച്ചു. 251.1 പോയിന്റുകൾ ആണ് അനസ്‌താഷ്യക്ക് നേടാൻ ആയത്, ഇതോടെ താരം വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അതേസമയം 230.6 പോയിന്റുകൾ നേടിയ സ്വിസ് താരം നിന ക്രിസ്റ്റ്യനാണ് വെങ്കല മെഡൽ. 2 തവണ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ക്രിസ്റ്റ്യന്റെ ആദ്യ ഒളിമ്പിക് മെഡൽ ആണിത്. തങ്ങളുടെ കരുത്ത് ആയ ഷൂട്ടിംഗിൽ തന്നെ സ്വർണ നേട്ടത്തോടെ ചൈന മെഡൽ വേട്ട ആരംഭിച്ചിരിക്കുന്നു എന്നത് അവർക്ക് കൂടുതൽ ആത്മവിശ്വാസം പകരും.