അമ്പയ്ത്തിൽ തങ്ങളുടെ ആധിപത്യം തുടർന്ന് ദക്ഷിണ കൊറിയ. വനിതകളുടെ വ്യക്തിഗത മത്സരത്തിലും സ്വർണം നേടിയ ആൻ സാൻ ഇതോടെ ടീം ഇനങ്ങൾക്ക് ശേഷം മൂന്നാം സ്വർണം ആണ് ടോക്കിയോയിൽ നേടിയത്. സെമിഫൈനലിൽ ഷൂട്ട് ഓഫിലൂടെ ഫൈനലിൽ എത്തിയ ലോകത്തിലെ ഏറ്റവും മികച്ച ആർച്ചർ ആയി കണക്കാക്കുന്ന ആൻ സാനിന് തന്റെ ആദ്യ ഒളിമ്പിക്‌സിൽ റഷ്യൻ ഒളിമ്പിക് കമ്മിറ്റിയുടെ എലെന ഒസിപോവ മികച്ച പോരാട്ടം ആണ് നൽകിയത്. 5 സെറ്റുകൾക്ക് ശേഷം ഇരുവരും 5 വീതം സെറ്റ് പോയിന്റുകൾ നേടി സമനില പാലിച്ചപ്പോൾ ഷൂട്ട് ഔട്ടിലൂടെയാണ് ആൻ സാൻ ജയം കണ്ടത്. ആദ്യ സെറ്റിൽ ഇരുവരും 28 പോയിന്റുകൾ നേടി ഒപ്പത്തിനൊപ്പം നിന്നപ്പോൾ ഇരുവർക്കും ഓരോ വീതം സെറ്റ് പോയിന്റുകൾ ലഭിച്ചു. രണ്ടാം സെറ്റിൽ മൂന്നു പെർഫെക്റ്റ് 10 പോയിന്റുകൾ നേടിയ ആൻ സെറ്റ് സ്വന്തം പേരിലാക്കി. ഇത് ഏഴാം തവണയാണ് ഈ ഒളിമ്പിക്‌സിൽ ആൻ പെർഫെക്റ്റ് സെറ്റ് നേടുന്നത്.
എന്നാൽ മൂന്നാം സെറ്റിൽ റഷ്യൻ താരം 28-27 നു സെറ്റ് നേടിയതോടെ ആൻ സമ്മർദ്ദത്തിലായി. നാലാം സെറ്റും 29-27 നു കൈവിട്ട ആൻ പരാജയം മുന്നിൽ കണ്ടു. എന്നാൽ അഞ്ചാം സെറ്റിൽ കടുത്ത സമ്മർദ്ദത്തിൽ തന്റെ മികവ് ആവർത്തിച്ച കൊറിയൻ താരം സെറ്റ് 29-27 നു സെറ്റ് നേടി മത്സരം ഷൂട്ട് ഓഫിലേക്ക് നീട്ടി. ഷൂട്ട് ഓഫിൽ ലഭിച്ച ഒറ്റ ഷോട്ട് 10 ആക്കിയ ആനിനു എതിരെ 8 പോയിന്റുകൾ നേടാനെ റഷ്യൻ താരത്തിന് ആയുള്ളൂ. തോറ്റെങ്കിലും വെള്ളി മെഡൽ വലിയ നേട്ടം ആണ് റഷ്യൻ താരത്തിന്. അതേസമയം അമേരിക്കൻ താരത്തെ 7-1 നു മറികടന്ന ഇറ്റലിയുടെ ലൂസില ബോരിയാണ് വെങ്കല മെഡൽ നേടിയത്. അമ്പയ്ത്തിൽ ഇറ്റലിയുടെ ഒളിമ്പിക്‌സിലെ ആദ്യ മെഡൽ ആണ് ഇത്. മുടി മരിച്ചതിനു സാമൂഹിക മാധ്യമങ്ങളിൽ കൊറിയയിൽ നിന്നുള്ള സാമൂഹിക വിരുദ്ധരുടെ അവഹേളനം കേൾക്കേണ്ടി വന്ന ആൻ കളത്തിൽ ശക്തമായ മറുപടി തന്നെ മൂന്നാം സ്വർണ നേട്ടം കൊണ്ടു നൽകി.