ഒളിമ്പിക്‌സിൽ ആറാം ദിനം മെഡൽ വേട്ടയിലെ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു ചൈന. രണ്ടു മൂന്നു ദിവസമായി തുടരുന്ന ആതിഥേയരായ ജപ്പാന്റെ മുൻതൂക്കം അവർ ഇന്ന് മറികടന്നു. നീന്തൽ കുളത്തിൽ തങ്ങളുടെ ഒളിമ്പിക് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ചൈനയെ മുന്നിലെത്താൻ സഹായിച്ചത്. നീന്തലിൽ നേടിയ 2 സ്വർണം അടക്കം മൂന്നു സ്വർണം ആണ് ചൈന ഇന്ന് തങ്ങളുടെ നേട്ടത്തിൽ കൂട്ടിച്ചേർത്തത്. 15 സ്വർണവും 7 വെള്ളിയും 9 വെങ്കലവും അടക്കം 31 മെഡലുകൾ ആണ് നിലവിൽ ചൈനക്ക് സ്വന്തമായുള്ളത്. ഇന്ന് ഡണ്ടാമത് ആയി ജപ്പാൻ. നീന്തൽ കുളത്തിൽ ഒരു സ്വർണം നീന്തിയെടുത്ത ജപ്പാൻ മറ്റൊരു സ്വർണവും നേടി 15 തന്നെ സ്വർണവുമായി മെഡൽ നിലയിൽ രണ്ടാമത് ആണ്. 4 വെള്ളിയും 6 വെങ്കലവും കൂട്ടുള്ള അവർക്ക് 25 മെഡലുകൾ ആണ് ആകെയുള്ളത്.
നീന്തൽ കുളത്തിലെ തിരിച്ചടിക്ക് പകരമായി ഇന്ന് 2 സ്വർണ മെഡലുകൾ നീന്തിയെടുത്ത അമേരിക്ക ജിംനാസ്റ്റിക് സ്വർണവും നിലനിർത്തി. ഇങ്ങനെ 14 സ്വർണവും 14 വെള്ളിയും 10 വെങ്കലവുമായി 38 മേടലുകളുമായി അമേരിക്ക നിലവിൽ മൂന്നാം സ്ഥാനത്ത് ആണ്. അതേസമയം 8 വീതം സ്വർണം സ്വന്തമാക്കിയ റഷ്യൻ ഒളിമ്പിക് കമ്മിറ്റി, ഓസ്‌ട്രേലിയ എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. ഇന്ന് സ്വർണം ഒന്നും നേടാൻ ആവാത്ത ബ്രിട്ടൻ, ദക്ഷിണ കൊറിയ ടീമുകൾ ആറു, ഏഴു സ്ഥാനങ്ങളിൽ തുടരുകയാണ്. നീന്തൽ കുളത്തിൽ 2 സ്വർണവും 1 വെള്ളിയും നീന്തിയെടുത്ത ചൈനയുടെ ജാങ് യുഫെ ആണ് മെഡൽ വേട്ടയിൽ താരങ്ങളിൽ നിലവിൽ മുന്നിൽ. ഇന്ന് ടീമിനമായ 4×200 മീറ്റർ ഫ്രീസ്റ്റൈലിൽ ലോക റെക്കോർഡും, വ്യക്തഗത ഇനമായ 200 മീറ്റർ ബട്ടർഫ്ലെയിൽ ഒളിമ്പിക് റെക്കോർഡും ജാങ് കുറിച്ചിരുന്നു. അതേസമയം ഇത് വരെ നേടാനായ ഒരൊറ്റ വെള്ളിയും ആയി ഇന്ത്യ 46 സ്ഥാനത്ത് ആണ്.