നീന്തലിൽ ഇന്ത്യയുടെ ഏക വനിത പ്രതിനിധിയായ മന്ന പട്ടേൽ സെമിഫൈനൽ യോഗ്യത നേടിയില്ല. മൂന്നു പേർ അടങ്ങിയ ഹീറ്റ്സിൽ രണ്ടാമത് എത്തിയെങ്കിലും 1.05.20 എന്ന തന്റെ മികച്ച സമയത്തിലും കുറവ് സമയത്തിൽ ആണ് മന്ന തന്റെ ഇനമായ 100 മീറ്റർ ബാക്സ്ട്രോക്ക് നീന്തിക്കയറിയത്. മികച്ച സമയം കുറിക്കുന്ന 16 പേര് മാത്രം സെമിയിലേക്ക് മുന്നേറുന്നതിനാൽ ഇതിൽ ഇടം പിടിക്കാൻ ഇന്ത്യൻ താരത്തിന് ആയില്ല.
100 മീറ്റർ ബാക്സ്ട്രോക്കിൽ ഹീറ്റ്സിൽ തന്നെ മൂന്നു തവണ ഒളിമ്പിക് റെക്കോർഡ് തകർക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. നാലാം ഹീറ്റിൽ കനേഡിയൻ താരം 58.17 സെക്കന്റിൽ നീന്തിക്കയറി ഒളിമ്പിക് റെക്കോർഡ് തിരുത്തി. എന്നാൽ തൊട്ടടുത്ത ഹീറ്റിൽ അമേരിക്കൻ താരം റീഗൻ സ്മിത്ത് 57.96 സെക്കന്റ് എന്ന സമയം കുറിച്ച് ഈ റെക്കോർഡ് തിരുത്തി. എന്നാൽ അവസാന ഹീറ്റ് ആയ ആറാം ഹീറ്റിൽ ഈ റെക്കോർഡും തിരുത്തപ്പെട്ടു. 57.88 സെക്കന്റ് സമയത്ത് നീന്തിക്കയറിയ ഓസ്ട്രേലിയൻ താരം കെയ്ലി മക്കോൺ ആണ് പുതിയ ഒളിമ്പിക് റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചത്.