ഹീറോ ഇന്ത്യൻ സൂപ്പറിന്റെ വരാനിരിക്കുന്ന എട്ടാം പതിപ്പിനായി ഒരു വിദേശ മിഡ്ഫീൽഡറെ കൂടെ ഒഡീഷ സ്വന്തമാക്കി. മലേഷ്യൻ താരം ലിറിഡൺ ക്രാസ്‌നിക്കിയുടെ ട്രാൻസ്ഫർ ആണ് ഒഡീഷ പൂർത്തിയാക്കിയത്. മലേഷ്യൻ ഫുട്ബോൾ ക്ലബ്ബ് ജോഹർ ദാറുൽ താസിം എഫ്‌സിയിൽ നിന്ന് ലോൺ അടിസ്ഥാനത്തിലാണ് താരം ഒഡീഷ എഫ്‌സിയിൽ എത്തുന്നത്.
29-കാരനായ അറ്റാക്കിംഗ് മിഡ്ഫീൽഡർ യൂറോപ്പിൽ ആണ് ഫുട്ബോൾ ജീവിതം ആരംഭിച്ചത്. 2011-ൽ ടർക്കിഷ് ക്ലബ് അങ്കാരസ്പോറിൽ ഒപ്പിടുന്നതിന് മുമ്പ് ചെക്ക് റിപ്പബ്ലിക്കിൽ ആയിരുന്നു താരം കളിച്ചിരുന്നത്. തുർക്കിയിലെ മറ്റൊരു ക്ലബായ ഫെത്തിയസ്പോറിലും താരം കളിച്ചു.
2015 ൽ മലേഷ്യയിൽ എത്തിയ ലിറിഡൺ ദാറുൽ അമൻ ഫുട്ബോൾ ക്ലബിനുവേണ്ടി കളിച്ചു. 2019 ൽ മേലക യുണൈറ്റഡിനായി ഒപ്പിടുന്നതിന് മുമ്പ് 2016 മലേഷ്യ കപ്പും 2017 മലേഷ്യൻ എഫ്എ കപ്പ് കിരീടവും അദ്ദേഹം നേടി. കഴിഞ്ഞ സീസണിൽ ജോഹർ ദാറുൽ തസീമിലും താരം എത്തി. ഓസ്ട്രേലിയൻ ടീമായ ന്യൂകാസിൽ ജെറ്റ്സിനായും താരം കളിച്ചിരുന്നു.
മൂന്ന് ദേശീയ ടീമുകളെ പ്രതിനിധാനം ചെയ്ത താരമാണ് ലിറിഡണിന് . അൽബേനിയൻ അണ്ടർ 21 ടീമിനും കൊസോവോ സീനിയർ ടീമിനും വേണ്ടി കളിച്ച ശേഷം, ഈ വർഷം ആദ്യം അദ്ദേഹം മലേഷ്യൻ സീനിയർ ദേശീയ ടീമിനായും അരങ്ങേറ്റം കുറിച്ചു.