നോർത്ത് ഈസ്റ്റ് കുതിപ്പ് തുടരുന്നു, ഡൽഹിക്ക് ആദ്യ ജയം ഇനിയും അകലെ

Staff Reporter

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റിനു ജയം. അവസാന 8 മിനുട്ടിൽ രണ്ടു ഗോളടിച്ച് കൊണ്ടാണ് ഡൽഹിയെ 2-0ന് തോൽപ്പിച്ചത്. ജയത്തോടെ ഐ.എസ്.എൽ സീസണിൽ അവരുടെ ഏറ്റവും മികച്ച തുടക്കം എന്ന നേട്ടത്തിനൊപ്പവും അവരെത്തി. അതെ സമയം ഡൽഹി ഡൈനാമോസിന് തങ്ങളുടെ സീസണിലെ ആദ്യ വിജയത്തിനായി ഇനിയും കാത്തിരിക്കണം. ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്താനും നോർത്ത് ഈസ്റ്റിനായി.

ഗോൾ രഹിതമായിരുന്നു ആദ്യ പകുതിയെങ്കിലും മത്സരം ആവേശകരമായിരുന്നു. ഓഗ്ബെചെയുടെ ശ്രമം പോസ്റ്റിൽ തട്ടി തെറിച്ചതും ആദ്യ പകുതി ഗോൾ രഹിതമാക്കി. ഡൽഹി ഗോൾ കീപ്പറുടെ മികച്ച പ്രകടനവും  ആദ്യ പകുതിയിൽ ഗോൾ നേടുന്നതിൽ നിന്ന് നോർത്ത്  ഈസ്റ്റിനെ തടഞ്ഞു.

തുടർന്ന് മത്സരം അവസാനിക്കാൻ മിനുട്ടുകൾ ശേഷിക്കെയാണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. ഫെഡറികോ ഗാലെഗോയാണ് മികച്ചൊരു ഷോട്ടിലൂടെ നിർണായക ഗോൾ നേടിയത്. ഗോൾ നേടിയതോടെ തുടർന്നും മികച്ച പ്രകടനം പുറത്തെടുത്ത നോർത്ത് ഈസ്റ്റ് ഇഞ്ചുറി ടൈമിൽ ഓഗ്ബെചെയിലൂടെ രണ്ടാമത്തെ ഗോളും നേടി. ഡൽഹി പ്രതിരോധ താരം പ്രീതം കോട്ടൽ വരുത്തിയ പിഴവ് മുതലെടുത്താണ് ഓഗ്ബെചെ ഗോൾ നേടിയത്. ലീഗിൽ താരത്തിന്റെ ആറാമത്തെ ഗോളായിരുന്നു ഇത്.