ഐ എസ് എല്ലിൽ ഏറ്റവും കൂടുതൽ പണം ചിലവഴിച്ച് വൻ ടീമിനെ തന്നെ ഒരുക്കിയ മുംബൈ സിറ്റിക്ക് പരാജയത്തോടെ സീസൺ ആരംഭിക്കാൻ ആണ് വിധിക്കപ്പെട്ടത്. ഇന്ന് തിലക് മൈതാൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് മുംബൈ സിറ്റിയെ ഞെട്ടിച്ചത്. ഒരു ചുവപ്പ് കാർഡ് ആണ് കളി മുംബൈ സിറ്റിയിൽ നിന്ന് അകറ്റിയത്.മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു നോർത്ത് ഈസ്റ്റിന്റെ വിജയം.
ഒഗ്ബെചെ, ഹ്യൂഗോ ബൗമസ്, അഹ്മദ് ജാഹു, ലെ ഫോണ്ട്രെ എന്നിവരെ ഒക്കെ ഇറക്കി കളി തുടങ്ങിയ മുംബൈ മത്സരത്തിൽ നല്ല ആധിപത്യം തന്നെ തുടക്കത്തിൽ നിലനിർത്തി. എന്നാലും നോർത്ത് ഈസ്റ്റ് ഡിഫൻസിനെ മറികടക്കാൻ അവർക്ക് ആയിരുന്നില്ല. മത്സരത്തിന്റെ 43ആം മിനുട്ടിൽ ആണ് ചുവപ്പ് കാർഡ് വന്നത്.
മുംബൈ സിറ്റിയുടെ മധ്യനിര താരം അഹ്മദ് ജാഹു ആണ് ഒരു വളരെ മോശം ടാക്കിളിലൂടെ ചുവപൊ വാങ്ങി പുറത്ത് പോയത്. പിന്നീട് ഒരു താരത്തിന്റെ മുൻ തൂക്കം ലഭിച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ലഭിച്ച പെനാൾട്ടിയിലൂടെ ആണ് നോർത്ത് ഈസ്റ്റ് ലീഡ് എടുത്തത്. ഒരു ഹാൻഡ്ബോളിന് ലഭിച്ച പെനാൾട്ടി അവരുടെ പുതിയ സ്ട്രൈക്കർ ക്വെസി അപ്പിയ വലയിൽ എത്തിച്ചു. ഈ ഗോൾ മതി ആയിരുന്നു ഇന്ന് നോർത്ത് ഈസ്റ്റിന് വിജയം ഉറപ്പിക്കാൻ. മലയാളി താരം ബ്രിട്ടോ ഇന്ന് രണ്ടാം പകുതിയിൽ നോർത്ത് ഈസ്റ്റിന് വേണ്ടി അരങ്ങേറ്റം നടത്തി.