വിംബിൾഡൺ കഴിഞ്ഞു മൂന്ന് ദിവസമായി, ഇപ്പഴും ടെന്നീസ് ആരാധകരുടെ മനസ്സ് ആ പുൽകോർട്ടിലാണ്. പ്രത്യേകിച്ചും 100 വർഷം ആഘോഷിച്ച, ടെന്നീസ് കളിക്കാരുടെ സ്വപ്നമായ ആൾ ഇംഗ്ലണ്ട് ടെന്നീസ് ക്ലബ്ബിലെ സെന്റർ കോർട്ടിൽ. വിംബിൾഡൺ കളിക്കാൻ ചെല്ലുന്ന എല്ലാവർക്കും പറഞ്ഞിട്ടുള്ളതല്ല ആ സെന്റർ കോർട്ട്, അപ്പോൾ പിന്നെ ബാക്കിയുള്ളവരുടെ കാര്യം പറയേണ്ടല്ലോ.
ഇത്തവണത്തെ വിംബിൾഡൺ ടൂർണമെന്റിൽ അസാധാരണമായ പല കാഴ്ചകളും ആരാധകർ കണ്ടു. നൂറാം വർഷികാഘോഷത്തിന്റെ ഭാഗമായി ഒരുപാട് മുൻ വിംബിൾഡൺ ചാമ്പ്യന്മാരെ ഒന്നിച്ചു ആ കോർട്ടിൽ കൊണ്ട് വന്ന കാഴ്ച മറക്കാൻ പറ്റാത്തതായി. ആ നീണ്ട നിര, ടെന്നീസ് ചരിത്രം ഒരുമിച്ചു നമ്മുടെ മുന്നിൽ തെളിഞ്ഞ പോലെയായി.
റഷ്യൻ കളിക്കാരെ ബാൻ ചെയ്തത് വിംബിൾഡൺ ചരിത്രത്തിൽ തന്നെ ആദ്യമായി. അത് കൊണ്ട് തന്നെ വിംബിൾഡൺ കളികളിലൂടെ നേടുന്ന പോയിന്റുകൾ എടിപി കണക്കാക്കില്ലെന്നു പറഞ്ഞതും നമ്മൾ കേട്ടു.
മുൻ ചാമ്പ്യാന്മാരായ സെറീനയും ആന്റി മറെയും ആദ്യ റൗണ്ടുകളിൽ പുറത്തായതും നമ്മൾ കണ്ടു.
എന്നാൽ കളിക്കളത്തിലെ പ്രകടനങ്ങളിൽ ഏറ്റവും എടുത്തു പറയാവുന്നത് നിക്ക് കിരിയോസിന്റെ പ്രകടനമാണ്. കിരിയോസ് തന്റെ മികച്ച ടെന്നീസാണ് പുറത്തെടുത്തത്, യാതൊരു സംശയവുമില്ല. പക്ഷെ അതിനേക്കാൾ ഏറെ, കിരിയോസിന്റെ പെരുമാറ്റമാണ് ശ്രദ്ധ പിടിച്ചു പറ്റിയത്.
കോർട്ടിലെ മോശം പെരുമാറ്റത്തിന് ഈ കാലഘട്ടത്തിൽ ഇത്ര പഴികേട്ട മറ്റൊരു കളിക്കാരനില്ല. നിക്ക് കോർട്ടിൽ തകർത്ത റാക്കറ്റുകളെക്കാൾ കൂടുതൽ റാക്കറ്റുകൾ തകർത്ത കളിക്കാർ ടെന്നീസിലുണ്ട്. പക്ഷെ സ്ഥിരമായി അമ്പയർമാരോടും, എതിരാളികളോടും, കാണികളോടും വഴക്കിടുന്ന മറ്റൊരു കളിക്കാരനെ കാണാൻ കിട്ടില്ല. മെക്കൻറോ, പാറ്റ് കാഷ് എന്നിവർ അവരവരുടെ കാലങ്ങളിൽ കാണിച്ചു കൂട്ടിയ ബഹളങ്ങൾക്ക് തലമുറ വ്യത്യാസം ഉള്ളത് കൊണ്ടാകും, നിക്കിന്റെ വഴക്കുകൾക്ക് ഇത്ര പ്രചാരം.
എന്നാൽ ഇത്തവണ നിക്ക് വിംബിൾഡണിൽ ഏറെക്കുറെ ശാന്തനായിരിന്നു. തന്റെ പൊട്ടിത്തെറികൾ പലപ്പോഴും ബോക്‌സിൽ ഇരിക്കുന്ന സ്വന്തം ടീമിനോടായി. ഇതൊരു ടാക്ടിക്കൽ നീക്കമായിരുന്നു എന്ന് കരുതാം. തന്റെ സ്വതസിദ്ധമായ കളിയുടെ ഭാഗമായ ഈ ആക്രോശങ്ങൾ മറ്റുള്ളവരെ ബാധിക്കാതിരിക്കാൻ വേണ്ടിയാകണം ഇങ്ങനെ ചെയ്തത്. ആ ടീം നിക്കിന്റെ പ്രഷർ വാൽവായി എന്നു വേണമെങ്കിൽ പറയാം.
ഇത് കൂടാതെ, ചെറിയ ചെറിയ കുസൃതികൾ വഴി കാണികളെ കൈയ്യിലെടുക്കാനും നിക്കിന് സാധിച്ചു. ഓരോ റൗണ്ടിലും കളി ജയിച്ചു കഴിഞ്ഞു കോർട്ടിൽ വച്ചു നടത്തുന്ന ഇന്റർവ്യൂകളിൽ എതിരാളികളെക്കുറിച്ച് ബഹുമാനത്തോടെ സംസാരിക്കുകയും, അവരുടെ കളിയെക്കുറിച്ചു നല്ല വാക്കുകൾ പറയുന്നതും നമ്മൾ കണ്ടു.
തന്റെ കോലാഹലങ്ങൾ നിറുത്താൻ സാധിക്കാത്തത് കൊണ്ട്, അതിൽ നർമ്മത്തിന്റെ മേമ്പൊടി ചേർത്ത് നിക്ക് തന്റെ കളികൾ തുടർന്ന് കൊണ്ടിരുന്നു.
ഫൈനലിൽ എത്തിയപ്പോഴേക്കും നിക്ക് കാണികളുടെ ഒരു ടൂർണമെന്റ് ഫേവറിറ്റ് ആയി മാറിക്കഴിഞ്ഞിരുന്നു.
പണ്ട് മുതലേയുള്ള കിരിയോസിന്റെ കളിക്കളത്തിലെ പെരുമാറ്റങ്ങൾ സ്വയം അറിഞ്ഞു കൊണ്ടാണെന്ന് തോന്നുന്നില്ല. ആ സ്വഭാവവിശേഷത്തിന്റെ ഭാഗമായിട്ടുള്ള ഒന്നാണത്, മനപ്പൂർവ്വമല്ല. കുറച്ചു നാൾ മുമ്പ് നിക്ക് തുറന്ന് പറഞ്ഞിരുന്നു, താൻ ഡിപ്രഷനിലൂടെ കടന്ന് പോകുന്നെന്നു. കുടുംബവുമായി നിക്ക് അത്ര അടുപ്പത്തിലായിരുന്നില്ല എന്ന് സഹോദരൻ ക്രിസ്റ്റോസ് കിരിയോസ് വിംബിൾഡണ് മുൻപ് പറഞ്ഞിരുന്നു.
കഴിഞ്ഞ ആറേഴ് വർഷം ഞങ്ങൾക്ക് ഞങ്ങളുടെ കൊച്ചനിയനെ നഷ്ടപ്പെട്ടിരുന്നു എന്നാണ് ക്രിസ്റ്റോസ് പറഞ്ഞത്. ടെന്നീസ് ലോകം അവനെ മാറ്റിക്കളഞ്ഞു, എപ്പഴും അവൻ എന്തിനെയോ ഭയപ്പെട്ടിരുന്നു. നമ്മൾ കൂടെയുള്ളപ്പോഴും അവൻ അവിടെ ഇല്ലാത്ത പോലെയായിരുന്നു.
തന്റെ അനിയന്റെ ജീവിതം തിരികെ കൊണ്ടു വന്നതിന്റെ ക്രെഡിറ്റ് ക്രിസ്റ്റോസ് നൽകിയത് നിക്കിന്റെ കാമുകി കോസ്റ്റീനാണ്. കോസ്റ്റീൻ നിക്കിന്റെ കണ്ണുകൾ തുറന്നു, ടൂർണമെന്റുകൾ കഴിഞ്ഞു കോർട്ടിലെ സംഭവങ്ങൾ മറക്കാൻ പഠിപ്പിച്ചു, കുടുംബത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുത്തു.
2018/19 വർഷങ്ങളിൽ കിരിയോസ് ഡിപ്രഷനും മദ്യത്തിനും അടിമപ്പെട്ടിരിന്നു. ആ നിലയിൽ കിരിയോസ് സ്വയം ദ്രോഹം ചെയ്യും എന്ന് ആദ്യം തിരിച്ചറിഞ്ഞത് ആൻഡി മറെയാണ് എന്നു കിരിയോസിന്റെ അമ്മ വെളിപ്പെടുത്തിയിരുന്നു. ആൻഡിയുടെ അമ്മയുടെ പിന്തുണ തനിക്ക് മറക്കാൻ ആകില്ല എന്നും അവർ പറഞ്ഞു.
ഇത്തരം ഘട്ടങ്ങളിലൂടെ നിക്ക് കടന്ന് പോയത് അറിയാതെ, അയാളെ തെമ്മാടിയെന്നും, അഹങ്കാരിയെന്നും വിളിച്ചതിനുള്ള പ്രായശ്ചിത്തമായിട്ടായിരിക്കണം വിംബിൾഡണിൽ കാണികൾ നിക്കിന് മേൽ സ്നേഹം ചൊരിഞ്ഞത്. കുടുംബത്തിന്റെയും, കാണികളുടെയും, സഹകളിക്കാരുടേയും ഈ പ്രോത്സാഹനം വെറുതെയായില്ല എന്നു വേണം പറയാൻ. ഈ വിംബിൾഡണിൽ വരവറിയിച്ച ഒരു കളിക്കാരൻ ഉണ്ടായിരുന്നെങ്കിൽ അത് ഈ ഓസ്‌ട്രേലിയക്കാരൻ കളിക്കാരനാണ്. ജെന്റിൽമാൻ നിക്ക് വരും കാലങ്ങളിൽ ഗാലറികളും കോർട്ടുകളും കയ്യടക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.