റോസ് ടെയ്‌ലറിന് മുൻപിൽ ഇന്ത്യ മുട്ടുമടക്കി

Staff Reporter

വെറ്ററൻ താരം റോസ് ടെയ്‌ലർ തന്റെ ഉഗ്രരൂപം പുറത്തെടുത്തപ്പോൾ ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. 4 വിക്കറ്റിനാണ് ഇന്ത്യയെ ന്യൂസിലാൻഡ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 347 റൺസാണ് നേടിയത്. തുടർന്ന് ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 11 പന്ത് ബാക്കി നിൽക്കെ 6 വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം കാണുകയായിരുന്നു. ഏകദിനത്തിൽ ന്യൂസിലാൻഡിന്റെ ഏറ്റവും വലിയ ചേസ് ചെയ്തുള്ള വിജയം കൂടിയാണിത്. ടി20 പരമ്പര 5-0ന് ഏകപക്ഷീയമായി തോറ്റ ന്യൂസിലാൻഡിന് ആദ്യ ഏകദിന മത്സരത്തിലെ ജയം ആശ്വാസം നൽകുന്നതാണ്.

ന്യൂസിലാൻഡ് നിരയിൽ പുറത്താവാതെ 84 പന്തിൽ 109 റൺസ് എടുത്ത റോസ് ടെയ്‌ലർ ആണ് ഇന്ത്യയിൽ നിന്ന് വിജയം തട്ടിയെടുത്തത്. ഒരു ഘട്ടത്തിൽ മത്സരത്തിൽ ന്യൂസിലാൻഡ് തകർച്ചയെ നേരിടുന്ന സമയത് ലതാമിനെ കൂട്ടുപിടിച്ച് റോസ് ടെയ്‌ലർ ഇന്നിംഗ്സ് കെട്ടിപ്പടുക്കുകയായിരുന്നു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 138 കൂട്ടിച്ചേർത്തതാണ് മത്സരത്തിൽ നിർണായകമായത്. മത്സരത്തിൽ 24 വൈഡുകൾ എറിഞ്ഞ ഇന്ത്യൻ ബൗളർമാർ ന്യൂസിലാൻഡിന്റെ വിജയം എളുപ്പമാക്കിയും കൊടുത്തു.

നേരത്തെ ശ്രേയസ് അയ്യരുടെ സെഞ്ചുറിയുടെ പിൻബലത്തിലാണ് ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 347 റൺസ് നേടിയത്. അർദ്ധ സെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയും കെ.എൽ രാഹുലും അയ്യരിന് മികച്ച പിന്തുണ നൽകി.