ബയേൺ മ്യൂണിക്കിന്റെ 7 വർഷങ്ങൾക്കിടയിലെ രണ്ടാം ട്രെബിളാണ് ഇന്ന് അവരുയർത്തിയത്. ജെറോം ബോട്ടാങ്ങ്, തോമസ് മുള്ളർ എന്നിവർക്കൊപ്പം ബയേണിന്റെ ട്രെബിൾ നേട്ടത്തിൽ രണ്ടാം തവണയും മാനുവൽ പീറ്റർ നുയറെന്ന “സ്വീപ്പർ കീപ്പർ” പങ്കാളിയായി. ഇന്നത്തെ ബയേണിന്റെ ജയത്തിൽ നുയറിന്റെ തകർപ്പൻ സേവുകൾ ബയേണിന് തുണയായി.
പിഎസ്ജിക്കെതിരെ നുയറിന്റെ മൂന്ന് മികച്ച സേവുകൾ അവസാനം വരെ ആവേശകരമായ മത്സരത്തിൽ ബയേണിന്റെ തുണയ്ക്കെത്തി. ഏറെ നാളത്തെ പരിക്കിന്റെ പിടിയിൽ നിന്നും ലോകകപ്പിലെ മറക്കാനാഗ്രഹിക്കുന്ന നിമിഷങ്ങളിൽ നിന്നും തിരികെയെത്തിയ നുയർ ബയേണിനൊപ്പം ചാമ്പ്യൻസ് ലീഗ് കീരീടമുയർത്തി ചരിത്രമെഴുതുകയാണ്.
ഈ നൂറ്റാണ്ടിൽ ലോകകപ്പിലും യുവേഫ ചാമ്പ്യൻസ് ലീഗിലും ക്ലീൻ ഷീറ്റ് സൂക്ഷിച്ച ഏക ഗോൾ കീപ്പറാണ് മാനുവൽ നുയർ. ചാമ്പ്യൻസ് ലീഗിൽ 2016ന് ശേഷം പിഎസ്ജിക്കെതിരെ ക്ലീൻ ഷീറ്റ് സൂക്ഷിക്കുന്ന ഗോളി കൂടിയാണ് നുയർ.
മാൻ സിറ്റിക്ക് വേണ്ടി ജോ ഹാർട്ടാണ് 2016ൽ ക്ലീൻ ഷീറ്റ് നേടിയത്. എതിരാളികളുടെ എല്ലാം വലകളിലേക്ക് ഗോളുതിർത്തിരുന്ന പിഎസ്ജിയുടെ അക്രമണനിരയെ മെരുക്കിയാണ് നുയർ ഇന്ന് ബയേണിന്റെ വലകാത്തത്. ജയത്തിലും തോൽവിയിലും കഴിഞ്ഞ 34 മത്സരങ്ങളിലും ഗോളടിക്കാൻ പിഎസ്ജിക്ക് കഴിഞ്ഞിരുന്നു. ചാമ്പ്യൻസ് ലീഗ് ഉയർത്തിയ ഗോൾ കീപ്പർ എന്ന നിലയ്ക്കും ബയേണിന്റെ സൂപ്പർ – മാനുവേൽ നുയർ ചരിത്രത്താളുകളിൽ ഇടം നേടിയിട്ടുണ്ട്. പീറ്റർ ഷ്മെകലിലും ഇകർ കസിയസിനും ഒപ്പം യുവേഫ ചാമ്പ്യൻസ് ലീഗ് ഉയർത്തുന്ന മൂന്നാം ഗോൾ കീപ്പർ – ക്യാപ്റ്റൻ ആണ് മാനുവൽ നുയർ. ജർമ്മൻ കപ്പും ബുണ്ടസ് ലീഗയും ചാമ്പ്യൻസ് ലീഗും നേടി 34ആം വയസിലും ലോകത്തെ മികച്ച ഗോൾ കീപ്പർ ആരാണെന്ന ചോദ്യത്തിന് വീണ്ടും ഉത്തരം നൽകിയീരിക്കുകയാണ് മാനുവൽ നുയർ.