ഐ എസ് എൽ അഞ്ചാം സീസണിലെ ആദ്യ സമനില ഗുവാഹത്തിയിൽ പിറന്നു. ഇന്ന് നോർത്ത് ഈസ്റ്റിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഗോളുകൾ നാലെണ്ണം പിറന്നു എങ്കിലും ഒരു വിജയി ഉണ്ടായില്ല. ആവേശകരമായ മത്സരത്തിൽ ആദ്യ ഗോവയുടെ തിരിച്ചുവരവും പിന്നെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ തിരിച്ചുവരവും കണ്ടു.
കളിയുടെ തുടക്കത്തിൽ എട്ടാം മിനുട്ടിൽ തന്നെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ലീഡ് നേടിയപ്പോൾ കഴിഞ്ഞ സീസണിൽ കഷ്ടകാലം ഹൈലാൻഡേഴ്സ് മറന്നിരിക്കുന്നു എന്ന് തോന്നിപ്പിച്ചു. ഫെഡ്രികോ ആയിരുന്നു ഗോൾ നേടിയത്. എന്നാൽ ആറു മിനുട്ടുകൾ മാത്രമെ ആ ലീഡ് നീണ്ടു നിന്നുള്ളൂ. 14ആം മിനുട്ടിൽ ഗോവയുടെ സ്പാനിഷ് സ്ട്രൈക്കർ കോറോ ഗോവയ്ക്ക് സമനില നേടിക്കൊടുത്തു. കോറോ തന്നെ 39ആം മിനുട്ടിൽ മറ്റൊരു ഗോളിലൂടെ ഗോവയെ മുന്നിലും എത്തിച്ചു. കഴിഞ്ഞ സീസണിൽ 18 ഗോളുകൾ നേടി റെക്കോർഡ് ഇട്ട കോറൊ ആ റെക്കോർഡ് ഈ സീസണിലും ആവർത്തിച്ചേക്കും എന്ന സൂചന കൂടി ആദ്യ പകുതിയിൽ നൽകി.
ലൊബേരയുടെ കീഴിൽ ഡിഫൻഡ് ചെയ്യാൻ എപ്പോഴും കഷ്ടപ്പെട്ടിട്ടുള്ള ഗോവ ഇന്നും അത് ആവർത്തിച്ചു. രണ്ടാം പകുതിയിൽ 53ആം മിനുട്ടിൽ ഒഗ്ബെചെയിലൂടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സമനില പിടിച്ചു. പിന്നീട് അങ്ങോട്ട് ഇരുടീമുകളും ആക്രമിച്ചു തന്നെ അവസാരം വരെ കളിച്ചു എങ്കിലും ഗോൾ പിറന്നില്ല.