മുന്‍ സീസണുകളിലെല്ലാം തന്നെ ഏറ്റവും കരുതുറ്റ ബാറ്റിംഗ് നിരയായിരുന്നു ആര്‍സിബിയുടെ ശക്തി. എന്നാല്‍ അതിനു ഒത്തുപോരുന്ന ഒരു ബൗളിംഗ് നിര ആര്‍സിബിയ്ക്കു ഉണ്ടായിരുന്നോ എന്നത് സംശയകരമായിരുന്നു. സ്റ്റാര്‍ക്ക് ടീമിലുണ്ടായിരുന്നുവെങ്കിലും പലപ്പോഴും പരിക്ക് താരത്തെ ഐപിഎലില്‍ നിന്ന് അകറ്റി നിര്‍ത്തി. സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയത് ചഹാല്‍ ആയിരുന്നു. ചഹാലിനെ ആറ് കോടി നിലനിര്‍ത്തുവാന്‍ RTM ആര്‍സിബി ഉപയോഗിച്ചുവെങ്കിലും തങ്ങളുടെ രണ്ടാം RTM അവര്‍ ഉപയോഗിച്ചത് പവന്‍ നേഗിയ്ക്ക് വേണ്ടിയായിരുന്നു.
ഗെയിലിനെ നിലനിര്‍ത്തേണ്ടതില്ല എന്നത് ടീമിന്റെ മുന്‍ നിശ്ചയ പ്രകാരമുള്ള തീരുമാനമായിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍. ടീമിനു ഉപയോഗപ്രദമായേക്കാവുന്ന മറ്റൊരു താരം കെഎല്‍ രാഹുല്‍ ആയിരുന്നു. എന്നാല്‍ രാഹുലിനു 11 കോടി നല്‍കി ടീമിലേക്ക് തിരികെ എത്തിക്കേണ്ടതില്ല എന്ന ടീം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. അതിനാല്‍ തന്നെ രാഹുലിനു വേണ്ടി RTM ടീം ഉപയോഗിച്ചില്ല.
ചഹാലിനെ നിലനിര്‍ത്തുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നുവെങ്കിലും പവന്‍ നേഗിയക്ക് വേണ്ടി തങ്ങളുടെ രണ്ടാം RTM ബാംഗ്ലൂര്‍ ഉപയോഗിച്ചത് ക്രിക്കറ്റ് ആരാധകരുടെയും പണ്ഡിതന്മാരുടെയും നെറ്റി ചുളിക്കുക തന്നെയാണ് ചെയ്തിരിക്കുന്നത്. മികച്ച യൂട്ടിലിറ്റി താരമാണെന്ന് തെളിയിച്ചതാണെങ്കിലും കഴിഞ്ഞ സീസണില്‍ താരം മികച്ച ഫോമിലല്ലായിരുന്നു. ഒരു കോടി രൂപയ്ക്കാണ് താരത്തെ തിരികെ ടീമില്‍ ബാംഗ്ലൂര്‍ എത്തിച്ചത്. അതിനാല്‍ തന്നെ ഒരു കോടിയ്ക്ക് താരത്തെ ടീമിലെത്തിക്കുക വഴി മികച്ച ഡീലാണ് ബാംഗ്ലൂര്‍ നേടിയിരിക്കുന്നതെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം. ഈയൊരു നീക്കം ഒഴിച്ച് നിര്‍ത്തിയാല്‍ ഒട്ടേറെ മികച്ച താരങ്ങളെ ബാംഗ്ലൂര്‍ ടീമിലെത്തിച്ചിട്ടുണ്ട്. ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, ഓള്‍റൗണ്ടര്‍ ക്രിസ് വോക്സ് എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം.
ഗെയില്‍ ഇല്ലെങ്കിലും നേരത്തെ തന്നെ ശക്തരായ ബാറ്റിംഗ് നിരയിലേക്ക് ക്വിന്റണ്‍ ഡിക്കോക്കും ബ്രണ്ടന്‍ മക്കല്ലവും യുവ താരങ്ങളായ മന്‍ദീപും മനന്‍ വോറയും എത്തുന്നുണ്ട്. മുംബൈ ടീമിലെ സ്ഥിരം സാന്നിധ്യമായ പാര്‍ത്ഥിവ് പട്ടേലിനെയും ടീമിലെത്തിക്കുവാന്‍ ബാംഗ്ലൂരിനു സാധിച്ചിട്ടുണ്ട്.
അതിലുപരി ഐപിഎലില്‍ തങ്ങളുടെ ഏറ്റവും മോശം ലിങ്ക് ആയ ബൗളിംഗ് നിരയെ മെച്ചപ്പെടുത്തുവാന്‍ ഇത്തവണ ബാംഗ്ലൂരിനായിട്ടുണ്ട്. ടിം സൗത്തി, നഥാന്‍ കോള്‍ട്ടര്‍ നീല്‍, ഉമേഷ് യാദവ് എന്നിവര്‍ക്ക് പുറമേ പേസ് ബൗളിംഗില്‍ മുഹമ്മദ് സിറാജും നവദീപ് സൈനിയും സ്ഥാനം പിടിച്ചിട്ടുണ്ട്. സ്പിന്‍ ദൗത്യത്തിനു ചഹാലിനു കൂട്ടായി വാഷിംഗ്ടണ്‍ സുന്ദറും, നേഗിയും, മുരുഗന്‍ അശ്വിനുമെല്ലാം കൂട്ടായുണ്ട്.
രണ്ടാം ആര്‍ടിഎമിന്റെ ഉപയോഗത്തില്‍ ഒരു അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും മുന്‍ കാലങ്ങളെ അപേക്ഷിച്ച് ബൗളിംഗ് വിഭാഗം ശക്തിപ്പെടുന്നത് വഴി റോയല്‍ ചലഞ്ചേഴ്സ് കൂടുതല്‍ ശക്തി പ്രാപിക്കുന്നതായാണ് വിലയിരുത്തപ്പെടേണ്ടത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial