പാഹൽഗാം ആക്രമണത്തിന് പിന്നാലെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി നീരജ് ചോപ്ര. പാകിസ്ഥാൻ ജാവലിൻ ത്രോ താരം അർഷാദ് നദീമിനെ ബെംഗളൂരുവിൽ നടക്കാനിരിക്കുന്ന നീരജ് ചോപ്ര ക്ലാസിക് ഇവന്റിലേക്ക് ക്ഷണിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ താരം വൈകാരികമായി പ്രതികരിച്ചു. 26 പേരുടെ മരണത്തിന് ഇടയാക്കിയ പാഹൽഗാമിലെ ഭീകരാക്രമണത്തിന് മുമ്പാണ് ക്ഷണം അയച്ചതെന്നും ഇതിന് രാഷ്ട്രീയപരമായ ലക്ഷ്യങ്ങളില്ലെന്നും നീരജ് വ്യക്തമാക്കി.

ഓൺലൈനിൽ തനിക്കും കുടുംബാംഗങ്ങൾക്കും നേരെ നടക്കുന്ന വെറുപ്പും അധിക്ഷേപവും വേദനിപ്പിക്കുന്നുവെന്ന് നീരജ് പറഞ്ഞു. “എന്റെ കുടുംബത്തെ പോലും അവർ വെറുതെ വിട്ടില്ല,” അദ്ദേഹം എഴുതി. ഒരു കായികതാരത്തിൽ നിന്ന് മറ്റൊരു കായികതാരത്തിലേക്കുള്ള സൗഹൃദപരമായ ക്ഷണമായിരുന്നു അതെന്നും, ലോകോത്തര അത്ലറ്റിക് മത്സരങ്ങൾക്ക് ഇന്ത്യയെ ആതിഥേയരാക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും നീരജ് കൂട്ടിച്ചേർത്തു. രാജ്യത്തിനായാണ് ഞാൻ ഇതുവരെ പ്രവർത്തിച്ചത് എന്നും തന്റെ രാജ്യത്തോടുള്ള സ്നേഹവും ആത്മാർത്ഥയും ചോദ്യം ചെയ്യപ്പെടുന്നതിൽ വേദന ഉണ്ടെന്നും താരം പറഞ്ഞു.

എന്നാൽ, നിലവിലെ സാഹചര്യത്തിൽ അർഷാദ് നദീം പരിപാടിയിൽ പങ്കെടുക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ മെയ് 24 ന് നടക്കാനിരിക്കുന്ന നീരജ് ചോപ്ര ക്ലാസിക്കിന് ലോക അത്‌ലറ്റിക്സിന്റെ ഗോൾഡ് ലേബൽ പദവി ലഭിച്ചിട്ടുണ്ട്. ഇത് ഇന്ത്യയിൽ നടക്കുന്ന ഏറ്റവും ഉയർന്ന റേറ്റിംഗുള്ള അത്‌ലറ്റിക് മീറ്റാണ്. ജെഎസ്ഡബ്ല്യു സ്പോർട്സ്, അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ, ലോക അത്‌ലറ്റിക്സ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ജാവലിൻ ത്രോ താരങ്ങൾ ഈ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
“എന്റെ രാജ്യത്തോടുള്ള സ്നേഹവും അതിനെ സംരക്ഷിക്കുന്നവരുടെ ത്യാഗത്തോടുള്ള ആദരവും എപ്പോഴും മാറ്റമില്ലാത്തതായിരിക്കും,” എന്ന് പറഞ്ഞാണ് നീരജ് തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.