നാറ്റ്‍വെസ്റ്റ് വിജയത്തിന് ശേഷം സൗരവ് ഗാംഗുലിയെ പോലെ താനും ഷര്‍ട്ടൂരി ആഘോഷിച്ചിരുന്നുവെങ്കിലും ആരും അത് ശ്രദ്ധിച്ചില്ലെന്ന് പറഞ്ഞ് യുവരാജ് സിംഗ്. ലോര്‍ഡ്സില്‍ 2002ലാണ് ഇന്ത്യയുടെ നാറ്റ്‍വെസ്റ്റ് ഫൈനലിലെ വിജയം. മികച്ച തിരിച്ചുവരവുകളില്‍ ഒന്നില്‍ വിജയം കഴിഞ്ഞ് ലോര്‍ഡ്സിലെ ഗാലറിയില്‍ ഗാംഗുലി ഷര്‍ട്ടൂരി ചുഴറ്റിയത് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
മത്സരത്തില്‍ നിര്‍ണ്ണായക പ്രകടനം പുറത്തെടുത്ത യുവരാജ് സിംഗും മുഹമ്മദ് കൈഫും ചേര്‍ന്നാണ് ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 146/5 എന്ന നിലയില്‍ 24 ഓവറില്‍ ഇന്ത്യ പ്രതിരോധത്തിലായപ്പോളാണ് യുവി-കൈഫ് കൂട്ടുകെട്ട് 121 റണ്‍സുമായി ഇന്ത്യയെ മുന്നോട്ട് നയിച്ചത്. കൈഫ് 87 റണ്‍സുമായി പുറത്താകാതെ ചരിത്ര വിജയത്തിലേക്ക് നയിച്ചപ്പോള്‍ യുവരാജ് 69 റണ്‍സ് നേടി പുറത്താകുകയായിരുന്നു.
കുറച്ച് കൂടി തലയുപയോഗിച്ചിരുന്നുവെങ്കില്‍ തനിക്ക് ശതകം പൂര്‍ത്തിയാക്കാമായിരുന്നുവെന്നാണ് യുവരാജ് പറഞ്ഞത്. 325 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. ഗാംഗുലി 69 റണ്‍സ് നേടിയെങ്കിലും ടോപ് ഓര്‍ഡര്‍ തകര്‍ന്നപ്പോള്‍ ഇന്ത്യ പരുങ്ങലിലായി. വിജയത്തിന് ശേഷം ഗാംഗുലിയെ പോലെ താനും ഷര്‍ട്ടൂരി ആഘോഷിച്ചുവെങ്കിലും ആരും ശ്രദ്ധിച്ചില്ലെന്ന് യുവരാജ് പറഞ്ഞു.