യുഫേഫ നാഷൻസ് ലീഗിൽ ഗ്രൂപ്പ് എ മത്സരത്തിൽ ജർമ്മനി സ്‌പെയിൻ ടീമുകൾ ഓരോ ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ജർമ്മൻ പരിശീലകൻ ജോക്വിം ലോ താരതമ്യേനെ യുവതാരങ്ങൾക്ക് അവസരം കൊടുത്തപ്പോൾ യുവത്വവും അനുഭവസമ്പത്തും ചേർന്ന നിരയെ ആണ് സ്പാനിഷ് പരിശീലകൻ ലൂയിസ് എൻറിക്വേ കളത്തിൽ ഇറക്കിയത്. മത്സരത്തിലെ ആദ്യ പകുതിയിൽ ഇരു ടീമുകളും വലിയ അവസരങ്ങൾ ഒന്നും സൃഷ്ടിച്ചില്ലെന്നു പറയാം.
ഇടക്ക് സാനെയുടെ ഷോട്ട് സ്പാനിഷ് ഗോൾ കീപ്പർ ഡേവിഡ് ഡിഹയ കുത്തി അകറ്റിയപ്പോൾ സ്പെയിനിന് ലഭിച്ച മികച്ച അവസരം മുതലെടുക്കാൻ റോഡ്രിഗോക്ക് ആയില്ല. എന്നാൽ രണ്ടാം പകുതിയിൽ 53 മത്തെ മിനിറ്റിൽ തിമോ വെർണർ ജർമ്മനിക്ക് ലീഡ് സമ്മാനിച്ചു. ജർമ്മനിക്ക് ആയി തന്റെ ആദ്യ മത്സരം കളിക്കുന്ന അറ്റലാന്റ ലെഫ്റ്റ് ബാക്ക് റോബിൻ ഗോസൻസിന്റെ പാസിൽ നിന്നായിരുന്നു വെർണറിന്റെ മികച്ച ഗോൾ. 1994 ൽ ക്ലിൻസ്മാനു ശേഷം ഒരു ഒഫീഷ്യൽ ടൂർണമെന്റ് മത്സരത്തിൽ ജർമ്മനി സ്പെയിനിന് എതിരെ നേടുന്ന ആദ്യ ഗോൾ ആയി ഇത്.
ഗോൾ വഴങ്ങിയ ശേഷം സ്‌പെയിൻ ഉണർന്നു കളിച്ചു എങ്കിലും ഗോൾ അകന്നു നിന്നു. ഇടക്ക് പകരക്കാരനായി ഇറങ്ങിയ ബാഴ്‌സലോണ യുവ താരം അൻസു ഫാത്തി ജർമ്മൻ വല കുലുക്കിയെങ്കിലും ഗോളിന് മുമ്പ് റാമോസിന്റെ ഫൗളിന് റഫറി വിസിൽ വിളിച്ചിരുന്നു. ഏതാണ്ട് മത്സരം അവസാനിച്ചു എന്ന അവസരത്തിൽ ആണ് സ്‌പെയിൻ സമനില ഗോൾ കണ്ടത്തുന്നത്. ഫെറാൻ ടോറസും റോഡ്രിഗോ മോറെനോയും ചേർന്ന നീക്കം വലൻസിയ ലെഫ്റ്റ് ബാക്ക് ജോസെ ഗയ 95 മിനിറ്റിൽ ലക്ഷ്യം കാണുക ആയിരുന്നു. കഴിഞ്ഞ 4 വർഷമായി കളിച്ച ഏതാണ്ട് എല്ലാ അന്താരാഷ്ട്ര മത്സരങ്ങളിലും ഗോൾ കണ്ടത്തുന്ന പതിവ് സ്‌പെയിൻ ഇക്കുറിയും തുടർന്നു. സമനില വഴങ്ങിയതോടെ നേഷൻസ് ലീഗിലെ ആദ്യ ജയം ആഘോഷിക്കാനുള്ള അവസരം ആണ് ജർമ്മനിക്ക് നഷ്ടമായത്.