മുംബൈ ഇന്ത്യൻ അവരുടെ മികച്ച ഫോം തുടരുന്നു. ഇന്ന് അവർ ലഖ്നൗ സൂപ്പർ ജയന്റ്സിന് എതിരെ 54 റൺസിന്റെ വിജയം മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. മുംബൈ ഉയർത്തിയ 216 എന്ന വിജയലക്ഷ്യം പിന്തുടർന്ന ലഖ്നൗ 161 റണ്ണിന് ഓളൗട്ട് ആയി. 4 വിക്കറ്റ് എടുത്ത ബുമ്രയുടെ പ്രകടനം ആണ് അവർക്ക് കരുത്തായത്.

34 റൺസ് എടുത്ത മിച്ചൽ മാർഷ്, 35 റൺസ് എടുത്ത ആയുഷ് ബദോനി എന്നിവർ മാത്രമാണ് ലഖ്നൗവിനായി തിളങ്ങിയത്. ക്യാപ്റ്റൻ റിഷഭ് പന്ത് ഇന്നും ടീമിനെ നിരാശപ്പെടുത്തി. ആകെ 4 റൺസ് ആണ് എടുത്തത്.
ബുമ്ര 4 ഓവറിൽ 22 റൺസ് മാത്രം വഴങ്ങിയാണ് 4 വിക്കറ്റ് വീഴ്ത്തിയത്. ട്രെന്റ് ബൗൾട്ട് 3 വിക്കറ്റും ജാക്സ് 2 വിക്കറ്റും വീഴ്ത്തി.
വാങ്കഡെയിൽ ഇന്ന് ആദ്യം ബാറ്റു ചെയ്ത മുംബൈ 7 വിക്കറ്റ് നഷ്ടത്തിൽ 215 റൺസ് നേടി. ഓപ്പണർ റയാൻ റിക്കിൾട്ടൺ 32 പന്തിൽ 6 ഫോറുകളും 4 സിക്സറുകളും സഹിതം 58 റൺസ് നേടി മികച്ച തുടക്കം നൽകി. രോഹിത് ശർമ്മയുടെ പെട്ടെന്നുള്ള പുറത്താകലിന് ശേഷം, വിൽ ജാക്സ് (21 പന്തിൽ 29), പിന്നീട് സൂര്യകുമാർ യാദവ് (28 പന്തിൽ 54) എന്നിവർ സ്കോർബോർഡിനെ അതിവേഗം മുന്നോട്ട് നയിച്ചു.

അവസാന ഓവറുകളിൽ, നമൻ ധീർ (11 പന്തിൽ 25)*, കോർബിൻ ബോഷ് (10 പന്തിൽ 20) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗ് മുംബൈയെ 210 കടത്തി.
ലഖ്‌നൗവിന്റെ ബൗളിംഗ് നിരയ്ക്ക് റൺ ഒഴുക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. മായങ്ക് യാദവും ആവേശ് ഖാനും രണ്ട് വിക്കറ്റുകൾ വീതം നേടിയെങ്കിലും ധാരാളം റൺസ് വഴങ്ങി. അതേസമയം, പ്രിൻസ് യാദവ്, ദിഗ്വേഷ് രാത്തി, രവി ബിഷ്ണോയ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.