മഹാ ഡെർബിയിൽ ഇന്ന് മുംബൈ സിറ്റി പൂനെ സിറ്റിയെ നേരിടും. മുംബൈയുടെ സ്വന്തം ഗ്രൗണ്ടായ മുംബൈ ഫുട്ബോൾ അറീനയിൽ വെച്ചാണ് മത്സരം. കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ ഒന്ന് മാത്രമാണ് മുംബൈ ജയിച്ചത്. അതെ സമയം കഴിഞ്ഞ നാല് മത്സരങ്ങളിൽ മൂന്നും ജയിച്ചാണ് മികച്ച ഫോമിലാണ് പൂനെ ഇന്നിറങ്ങുന്നത്.
പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ഇന്ന് മുംബൈക്ക് വിജയം കൂടിയേ തീരു. 13 മത്സരങ്ങൾ കളിച്ച മുംബൈ സിറ്റി 17 പോയിന്റുമായി ടേബിളിൽ ഏഴാം സ്ഥാനത്താണ്. ഒരു സമനില പോലും അവരുടെ പ്ലേ ഓഫ് പ്രതീക്ഷകളെ തല്ലികെടുത്തും. കഴിഞ്ഞ ദിവസം ജാംഷഡ്പൂർ ജയിച്ചതും അവർക്ക് തിരിച്ചടിയായിരുന്നു. സ്വന്തം ഗ്രൗണ്ടിൽ അവസാനം കളിച്ച നാല് മത്സരങ്ങളിൽ മൂന്ന് എണ്ണവും തോൽക്കാനായിരുന്നു മുംബൈയുടെ വിധി. അത് കൊണ്ട് തന്നെ മികച്ച ഫോമിലുള്ള പൂനെയെ തളക്കാൻ മുംബൈക്ക് മികച്ച പ്രകടനം പുറത്തെടുക്കേണ്ടി വരും. അവസരങ്ങൾ സൃഷ്ട്ടിച്ചിട്ടും ഗോൾ നേടാനാകാതെ പോവുന്ന മുന്നേറ്റ നിരയാണ് മുംബൈ സിറ്റിയെ വലിക്കുന്നത്.
അതെ സമയം പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള പൂനെക്ക് പ്ലേ ഓഫ് കടമ്പ കടക്കാൻ മുംബൈയെ മറികടക്കണം. പ്ലേ ഓഫ് യോഗ്യത നേരത്തെ ഉറപ്പിച്ച ബെംഗളൂരുവിന് പിറകിൽ രണ്ടാമതായി യോഗ്യത ഉറപ്പിക്കാനാവും പൂനെയുടെ ശ്രമം. 14 മത്സരങ്ങൾ കളിച്ച പൂനെ 25 പോയിന്റുമായി ടേബിളിൽ രണ്ടാമതാണ്. പൂനെ നിരയിൽ ഇത്തവണയും മലയാളി താരം ആഷിഖ് കുരുണിയൻ പരിക്കുമൂലം ഇറങ്ങില്ല. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അവസാന മിനിറ്റുകളിൽ മർസെലിഞ്ഞോ നേടിയ ഗോളിലാണ് പൂനെ നോർത്ത് ഈസ്റ്റിനെ മറികടന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial