ആദ്യ ക്വാളിഫയറിൽ ഡല്‍ഹി ക്യാപിറ്റൽസിനെതിരെ 4 വിക്കറ്റ് വിജയവുമായി ഫൈനലിലേക്ക് യോഗ്യത നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 172/5 എന്ന സ്കോര്‍ നേടിയപ്പോള്‍ ചെന്നൈ 19.4 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.
അവസാന രണ്ടോവറിൽ 24 റൺസ് വേണ്ടപ്പോള്‍ റുതുരാജിനെയും മോയിന്‍ അലിയെയും നഷ്ടമായെങ്കിലും 6 പന്തിൽ 18 റൺസുമായി പുറത്താകാതെ നിന്ന് മഹേന്ദ്ര സിംഗ് ധോണി ചെന്നൈയെ വീണ്ടുമൊരു ഫൈനലിലേക്ക് എത്തിയ്ക്കുകയായിരുന്നു.
ഫാഫ് ഡു പ്ലെസിയെ ആദ്യ ഓവറിൽ തന്നെ നഷ്ടമായ ശേഷം ചെന്നൈയെ 110 റൺസ് കൂട്ടുകെട്ടുമായി റോബിന്‍ ഉത്തപ്പയും റുതുരാജ് ഗായ്ക്വാഡും ചേര്‍ന്ന് മുന്നോട്ട് നയിക്കുകയായിരുന്നു. 44 പന്തിൽ 63 റൺസ് നേടിയ റോബിന്‍ ഉത്തപ്പയെയും ശര്‍ദ്ധുൽ താക്കൂറിനെയും ഒരേ ഓവറിൽ പുറത്താക്കി ടോം കറന്‍ ചെന്നൈയുടെ കുതിപ്പിന് തടയിട്ടപ്പോള്‍ ടീമിന് 6 ഓവറിൽ 56 റൺസായിരുന്നു വിജയത്തിനായി നേടേണ്ടിയിരുന്നത്. ഇരു ക്യാച്ചുകളും ശ്രേയസ്സ് അയ്യരാണ് എടുത്തത്.
അടുത്ത ഓവറിൽ അമ്പാട്ടി റായിഡുവിനെ തകര്‍പ്പനൊരു ഫീൽഡിംഗിലൂടെ ശ്രേയസ്സ് അയ്യര്‍ – കാഗിസോ റബാഡ കൂട്ടുകെട്ട് റണ്ണൗട്ടാക്കിയതോടെ ചെന്നൈയ്ക്ക് നാലാം വിക്കറ്റും നഷ്ടമായി. മറുവശത്ത് വിക്കറ്റുകള്‍ വീണുവെങ്കിലും റുതുരാജ് ഒരുവശത്ത് റൺസ് കണ്ടെത്തി ലക്ഷ്യം പന്തിൽ 24 റൺസിലേക്ക് എത്തിച്ചു.
അവേശ് ഖാന്‍ എറിഞ്ഞ 19ാം ഓവറിന്റെ ആദ്യ പന്തിൽ അക്സര്‍ പട്ടേൽ റുതുരാജിനെ മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കിയപ്പോള്‍ 50 പന്തിൽ 79 റൺസാണ് താരം നേടിയത്. ഓവറിൽ ഒരു സിക്സ് നേടി ധോണി അവസാന ഓവറിൽ ലക്ഷ്യം 13 ആക്കി മാറ്റി.
അവസാന ഓവര്‍ ടോം കറന് പന്ത് നല്‍കിയ പന്തിന് ആദ്യ പന്തിൽ തന്നെ കറന്‍ വിക്കറ്റ് നേടിക്കൊടുത്തു. മോയിന്‍ അലി(16) ആണ് ചെന്നൈയ്ക്ക് നഷ്ടമായത്. എന്നാൽ ഓവറിൽ നിന്ന് മൂന്ന് ബൗണ്ടറി കൂടി നേടി ധോണി ചെന്നൈയ്ക്ക് ഫൈനൽ ഉറപ്പാക്കിക്കൊടുക്കുകയായിരുന്നു.