ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ബൗളിംഗ് പരിശീലകനായി മോർണി മോർക്കലിനെ ഇന്ത്യ നിയമിച്ചു. മുൻ ദക്ഷിണാഫ്രിക്കൻ പേസറുടെ ഇന്ത്യയുമായുള്ള കരാർ സെപ്റ്റംബർ ഒന്നിന് ആകും ആരംഭിക്കുക. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിൽ (എൽഎസ്‌ജി) ഇപ്പോൾ ഗൗതം ഗംഭീറിന് കീഴിൽ മോർക്കൽ നേരത്തെ പ്രവർത്തിച്ചിട്ടുണ്ട്. എൽഎസ്ജിയിൽ ഗംഭീർ ടീം മെൻ്ററായിരുന്നപ്പോൾ മോർക്കൽ ബൗളിംഗ് പരിശീലകനായിരുന്നു.
മോർക്കലും ഗംഭീറും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ (കെകെആർ) മൂന്ന് സീസണുകളിൽ ഒരുമിച്ച് കളിച്ചിട്ടുമുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ബൗളിംഗ് പരിശീലകനെന്ന നിലയിൽ മോർക്കലിൻ്റെ ആദ്യ ദൗത്യം ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആയിരിക്കും.
മോർക്കൽ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 247 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കരിയറിൽ 544 വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തിട്ടുണ്ട്.