ഇന്ത്യയുടെ മധ്യദൂര ഓട്ടക്കാരൻ മുഹമ്മദ് അഫ്സൽ ദുബായിൽ നടന്ന യുഎഇ അത്‌ലറ്റിക്സ് ഗ്രാൻഡ് പ്രീ 2025 ൽ പുരുഷന്മാരുടെ 800 മീറ്ററിൽ ദേശീയ റെക്കോർഡ് തകർത്ത് ചരിത്രപരമായ പ്രകടനം കാഴ്ചവെച്ചു. 29 കാരനായ മലയാളി താരം 1:45.61 എന്ന സമയം കണ്ടെത്തി കൊണ്ട് 2018 ൽ ജിൻസൺ ജോൺസൺ സ്ഥാപിച്ച 1:45.65 എന്ന മുൻ റെക്കോർഡ് മറികടന്നു.
കെനിയയുടെ നിക്കോളാസ് കിപ്ലഗാട്ടിന് പിന്നിൽ അഫ്സൽ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. കിപ്ലഗാട്ട് 1:45.38 സമയത്തിൽ ഒന്നാമതെത്തി.

ദുബായ് പോലീസ് സ്റ്റേഡിയത്തിൽ നടന്ന വേൾഡ് അത്‌ലറ്റിക്സ് കോണ്ടിനെന്റൽ ടൂർ ബ്രോൺസ്-ലെവൽ മീറ്റിന്റെ ഭാഗമായിരുന്നു ഈ മത്സരം.
റെക്കോർഡ് പ്രകടനം നടത്തിയിട്ടും, ലോക ചാമ്പ്യൻഷിപ്പിനുള്ള ഓട്ടോമാറ്റിക് യോഗ്യതാ സമയമായ 1:44.50 നേടാൻ അഫ്സലിന് നേരിയ വ്യത്യാസത്തിൽ സാധിച്ചില്ല. 2023 ൽ ഹാങ്‌ഷൂവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 1:48.43 സമയത്തോടെ അദ്ദേഹം വെള്ളി മെഡൽ നേടിയിരുന്നു.
മറ്റൊരു ശ്രദ്ധേയമായ പ്രകടനത്തിൽ, അടുത്തിടെ 200 മീറ്ററിൽ ദേശീയ റെക്കോർഡ് തകർത്ത അനിമേഷ് കുജൂർ ദുബായിൽ 20.45 സെക്കൻഡിൽ ഒന്നാമതെത്തി. മുൻ റെക്കോർഡ് ഉടമയായ അംലൻ ബോർഗോഹൈൻ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.