ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മോയിന്‍ അലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. രാജ്യത്തിന് വേണ്ടി വൈറ്റ് ബോള്‍ ക്രിക്കറ്റ് കളിക്കുന്നത് തുടരുമെന്ന് താരം അറിയിച്ചു. 34 വയസ്സുള്ള തനിക്ക് കഴിയുന്നത്ര കാലത്തോളം ക്രിക്കറ്റ് കളിക്കണമെന്നാണെന്നും താന്‍ ടെസ്റ്റ് ക്രിക്കറ്റ് ഏറെ ആസ്വദിക്കുന്നുവെന്നും എന്നാൽ തന്റെ ടെസ്റ്റ് ക്രിക്കറ്റിലെ നേട്ടങ്ങളിൽ താന്‍ തൃപ്തനാണെന്നും അവിടെ തനിക്ക് വിടവാങ്ങുവാന്‍ സമയം ആയി എന്നാണ് കരുതുന്നതെന്നും മോയിന്‍ പറഞ്ഞു.
2014ൽ ശ്രീലങ്കയ്ക്കെതിരെയാണ് താരം ടെസ്റ്റ് അരങ്ങേറ്റം ലോര്‍ഡ്സിൽ നടത്തിയത്. 64 ടെസ്റ്റിൽ നിന്ന് 2914 റൺസും 195 വിക്കറ്റും നേടിയാണ് മോയിനിന്റെ മടക്കം. ഓവലിൽ കഴിഞ്ഞ മാസം ഇന്ത്യയ്ക്കെതിരെയായിരുന്നു മോയിന്‍ അലിയുടെ അവസാന ടെസ്റ്റ് മത്സരം. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിദ്ധ്യമായി മാറുവാന്‍ ഏതാനും വര്‍ഷങ്ങളായി താരത്തിന് സാധിക്കുന്നില്ലായിരുന്നു.
2019ൽ ഇംഗ്ലണ്ട് കേന്ദ്ര കരാര്‍ പട്ടികയിൽ നിന്ന് താരം ഒഴിവാക്കപ്പെട്ടപ്പോള്‍ മോയിന്‍ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഒരു ഇടവേള എടുത്തിരുന്നു.