സൂര്യകുമാര്‍ യാദവിന്റെ പുറത്താകലിന് ശേഷം താളം തെറ്റി മുംബൈ ബാറ്റിംഗ്, റസ്സലിന് അഞ്ച് വിക്കറ്റ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഇന്ന് തങ്ങളുടെ ഐപിഎലിലെ രണ്ടാം മത്സരത്തിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് 152 റണ്‍സ്. മുംബൈ ഈ സ്കോറിന് ഇന്നിംഗ്സിലെ അവസാന പന്തില്‍ ഓള്‍ഔട്ട് ആകുകയായിരുന്നു. സൂര്യകുമാര്‍ യാദവിന്റെ വിക്കറ്റ് നഷ്ടപ്പെട്ട ശേഷം മുംബൈ ബാറ്റിംഗിന് താളം തെറ്റുന്ന കാഴ്ചയാണ് കണ്ടത്. ഒരു ഘട്ടത്തില്‍ 86/1 എന്ന അതിശക്തമായ നിലയിലായിരുന്നു മുംബൈ 10.2 ഓവറില്‍.

സൂര്യകുമാര്‍ യാദവ് 36 പന്തില്‍ നിന്ന് നേടിയ 56 റണ്‍സും രോഹിത് ശര്‍മ്മ നേടിയ 43 റണ്‍സുമാണ് മുംബൈ ടോപ് ഓര്‍ഡറില്‍ തിളങ്ങിയത്.

ക്രിസ് ലിന്നിന് പകരം ടീമിലെത്തിയ ക്വിന്റണ്‍ ഡി കോക്കിനെ(2) രണ്ടാം ഓവറില്‍ തന്നെ മുംബൈയ്ക്ക നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 10 റണ്‍സായിരുന്നു. വരുണ്‍ ചക്രവര്‍ത്തിയായിരുന്നു വിക്കറ്റ് നേടിയത്. പിന്നീട് രോഹിത്തും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് 76 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ നേടിയത്.

Kkr2

മികച്ച ഫോമില്‍ ബാറ്റ് വീശുകയായിരുന്നു സൂര്യകുമാര്‍ യാദവ് 36 പന്തില്‍ നിന്ന് 56 റണ്‍സ് നേടി മുന്നേറുന്നതിനിടെ ഷാക്കിബിന് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു. ഇഷാന്‍ കിഷനെയും രോഹിത് ശര്‍മ്മയെയും(43) പാറ്റ് കമ്മിന്‍സ് പുറത്താക്കിയപ്പോള്‍ മുംബൈ 115/4 എന്ന നിലയിലേക്ക് 15.2 ഓവറില്‍ ഒതുങ്ങി.

Kkr1

ഹാര്‍ദ്ദിക് പാണ്ഡ്യ(15)യുടെ വിക്കറ്റ് വീഴ്ത്തി പ്രസിദ്ധ് കൃഷ്ണ മുംബൈയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസകരമാക്കി. കീറണ്‍ പൊള്ളാര്‍ഡിനെയും മാര്‍ക്കോ ജാന്‍സനെയും പുറത്താക്കി ആന്‍ഡ്രേ റസ്സലും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ മുംബൈ 126/7 എന്ന നിലയിലേക്ക് വീണു. 40 റണ്‍സ് നേടുന്നതിനിടെയാണ് ആറ് വിക്കറ്റ് മുംബൈയ്ക്ക് നഷ്ടമായത്.

എട്ടാം വിക്കറ്റില്‍ ക്രുണാല്‍ പാണ്ഡ്യയും രാഹുല്‍ ചഹാറും ചേര്‍ന്ന് 12 പന്തില്‍ നിന്ന് നേടിയ 24 റണ്‍സ് കൂട്ടുകെട്ടാണ് ഈ സ്കോറിലേക്ക് എത്തുവാന്‍ മുംബൈയെ സഹായിച്ചത്. 9 പന്തില്‍ 15 റണ്‍സ് നേടിയ ക്രുണാല്‍ പാണ്ഡ്യയെ ആന്‍ഡ്രേ റസ്സല്‍ അവസാന ഓവറില്‍ പുറത്താക്കുകയായിരുന്നു.

18ാം ഓവറില്‍ മാത്രം തന്റെ ബൗളിംഗ് ആരംഭിച്ച ആന്‍ഡ്രേ റസ്സല്‍ 5 വിക്കറ്റാണ് നേടിയത്. 8 റണ്‍സ് നേടിയ രാഹുല്‍ ചഹാര്‍ ആണ് ഇന്നിംഗ്സിലെ അവസാന വിക്കറ്റായി പുറത്തായത്.