വലതു വിങ്ങിൽ നിന്നും ഇടം കാലുകൊണ്ടൊരു ക്രോസ്സ്. കൊറിയൻ ഡിഫൻഡർമാർക്കു മുകളിലൂടെ പറന്ന് മാറ്റ് ഹമ്മൽസിന്റെ തലയിലേക്ക് താഴ്ന്നിറങ്ങി. അനായാസം വലയിലേക്ക് തിരിച്ചുവിടാവുന്ന പന്ത്. പക്ഷെ ഹമ്മൽസിനു പിഴച്ചു. ജർമൻ താരങ്ങൾ തലയിൽ കൈവച്ചു. പക്ഷെ ക്രോസ്സ് പായിച്ച ആ ഇടംകാലൻ തല താഴ്ത്തികൊണ്ട് നിന്നു. മെസ്യൂട് ഓസിൽ എന്ന ആ കളിക്കാരന് അതൊരു പുതിയ കഥയായിരുന്നില്ല. കൊറിയക്കെതിരായ കളിയിൽ ഓസിൽ സൃഷ്ടിച്ച ഏഴാമത്തെ ഗോളവസരമായിരുന്നു അത്. ഒരെണ്ണം പോലും ലക്ഷ്യത്തിലെത്തിക്കാൻ മറ്റുള്ളവർക്കായില്ല. എന്നാൽ റഫറി ഫൈനൽ വിസിൽ മുഴക്കുന്നതിനു മുമ്പേ തന്നെ ഓസിലിനെ സമൂഹ മാധ്യമങ്ങൾ ട്രോൾ കൊണ്ട് മൂടിയിരുന്നു. ഒരു ജർമൻ എം പി ട്വിറ്ററിൽ കുറിച്ചു: ”ഓസിലില്ലായിരുന്നെങ്കിൽ ജർമ്മനി ഇന്ന് ജയിക്കുമായിരുന്നു”. എന്തുകൊണ്ട് ഓസിൽ മാത്രം അവർക്കൊരു കുറ്റവാളിയായി മാറുന്നു?
ഒരു ടീം കളി തോൽക്കുമ്പോൾ ആ ടീമിലെ ഏറ്റവും മികച്ച കളിക്കാരനായിരിക്കും കൂടുതൽ പഴി കേൾക്കുന്നത്. അർജന്റീന തോൽക്കുമ്പോൾ മെസ്സിക്കെന്നപോലെ ജർമ്മനി തോൽക്കുമ്പോൾ ഓസിലും പ്രതിയായി മുദ്ര കുത്തപ്പെടുന്നു. എന്നാൽ ഇതിനോട് ചേർത്ത് വായിക്കേണ്ട ചിലതുണ്ട്. അവ രാഷ്ട്രീയവും വംശീയവുമാണ്.
ഓസിൽ തുർക്കി വംശജനാണ്. കഴിഞ്ഞ മാസം തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ബ്രിട്ടനിലെത്തിയപ്പോൾ ഇംഗ്ലീഷ് ക്ലബ്ബുകളായ ആഴ്‌സണലിന് വേണ്ടി കളിക്കുന്ന ഓസിലും മാഞ്ചസ്റ്റർ സിറ്റിക്കുവേണ്ടി ബൂട്ടണിയുന്ന മറ്റൊരു തുർക്കി വംശജൻ ഇകായ് ഗുൻഡോഗനും അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ജർമൻ രാഷ്ട്രീയത്തിലെ തീവ്ര വലതുകക്ഷികൾ ഇരു താരങ്ങളെയും രൂക്ഷമായി വിമർശിക്കുകയും ഇരുവർക്കും ജർമൻ കുപ്പായമണിയാനുള്ള അവകാശമില്ലെന്ന് പറയുകയും ചെയ്തു.
സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ഓസിലിനെ അവർ വീണ്ടും തിരഞ്ഞുപിടിച്ച് വിമർശിക്കുന്നു. നിയോ നാസി സ്വഭാവമുള്ള ജർമൻ വലതുപക്ഷ രാഷ്ട്രീയക്കാർക്ക് ഓസിലിന്റെ കളിയല്ല, അയാളുടെ മതവും വംശവുമാണ് പ്രശ്‍നം എന്ന് വ്യക്തമാണ്. അവർക്കൊപ്പം ജർമനിയുടെ മുൻതാരങ്ങളും മാധ്യമങ്ങളും ചേരുന്നതോടെ പ്രതിക്കൂട്ടിൽ ഓസിൽ ഏകനാവുന്നു. “അയാൾ ഒരു മടിയനായ തവളയെ പോലിരിക്കുന്നു”എന്ന് പറഞ്ഞത് മുൻ ജർമൻ താരം മരിയോ ബാസ്‌ലർ ആണ്. മെക്സിക്കോക്ക് എതിരെ ജർമനി തോൽക്കാനുള്ള കാരണം ഓസിൽ ആണെന്ന് പറഞ്ഞത് മുൻ ജർമൻ ക്യാപ്റ്റൻ ലോതർ മത്തേവൂസും.
ആ മത്സരത്തിൽ നാലു മികച്ച അവസരങ്ങൾ ഉണ്ടാക്കുകയും 79 പാസ്സുകളിൽ 72 ഉം ലക്ഷ്യത്തിലെത്തിക്കുകയും ചെയ്ത ഓസിൽ പ്രതിയാക്കപ്പെടുമ്പോൾ, ദയനീയ പ്രകടനം കാഴ്ചവെച്ച മുള്ളർ, പ്ലാറ്റൻഹാർട്, ഹമ്മൽസ് എന്നിവരെ അവർ സൗകര്യപൂർവം മറക്കുന്നു.
കളിക്കളത്തിനകത്തും പുറത്തും നിശ്ശബ്ദനാണ് ഓസിൽ.ഓരോ തവണയും കളിക്കാനിറങ്ങുമ്പോൾ ഗോളവസരങ്ങൾ സൃഷ്ടിക്കുന്ന ഒരു യന്ത്രമായി അയാൾ മാറുന്നു.ഓസിലിന്റെ ഇടംകാലിൽ നിന്ന് വരുന്ന ത്രൂ പാസുകൾ ഫുട്ബോൾ പ്രേമികൾക്ക് മനോഹരമായ കാഴ്ചയാണ്. വംശീയത മനസ്സിലൊളിപ്പിച്ച് ഫുട്ബോൾ കാണുന്നവർക്ക് അത് കാണാനേ കഴിയില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial