അർജന്റീനക്ക് ആയി മറ്റൊരു നേട്ടം കൈവരിച്ചു ലയണൽ മെസ്സി. അർജന്റീനക്ക് ആയി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച റെക്കോർഡിൽ ഇതിഹാസ താരവും മുൻ സഹ താരവും ആയ ജാവിയർ മാഷരോനക്ക് ഒപ്പമെത്തി ലയണൽ മെസ്സി. ഇന്ന് കോപ്പ അമേരിക്കയിൽ പരാഗ്വക്ക് എതിരെ കളിക്കാൻ ഇറങ്ങിയതോടെ അർജന്റീനയുടെ കുപ്പായത്തിൽ 147 മത്തെ മത്സരത്തിനു ആണ് മെസ്സി ഇറങ്ങിയത്. ഇതോടെ ജാവിയർ മാഷരോനയുടെ റെക്കോർഡിന് ഒപ്പം മെസ്സിയെത്തി. 2005 ൽ ഹംഗറിക്ക് എതിരെ കളത്തിൽ അരങ്ങേറിയ മെസ്സി അധികം വൈകാതെ ആ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ടു പുറത്തു പോവുക ആയിരുന്നു.
തുടർന്ന് 4 ലോകകപ്പുകളിലും നിരവധി കോപ്പ അമേരിക്ക ടൂർണമെന്റിലും മെസ്സി ടീമിനായി ബൂട്ട് കെട്ടി. ഒപ്പം ടീമിന്റെ നായക സ്ഥാനവും മെസ്സിയെ തേടിയെത്തി. ഇതിൽ 2014 ലിൽ ലോകകപ്പിൽ ടീമിനെ രണ്ടാമത് എത്തിച്ച മെസ്സി, 2007, 2015, 2016 കോപ്പ അമേരിക്കയിൽ ടീമിനെ രണ്ടാമതും എത്തിച്ചു. 2008 ൽ ഒളിമ്പിക് സ്വർണ മെഡൽ നേട്ടം ഒഴിച്ചാൽ രാജ്യത്തിനു ആയി കിരീടം എന്ന ലക്ഷ്യം തന്നെയാണ് മെസ്സിയെ നിലവിൽ മുന്നോട്ട് നയിക്കുന്നത്. ഇടക്ക് വിരമിച്ചു തിരിച്ചു വന്ന മെസ്സി തന്നെയാണ് 73 ഗോളുകളും ആയി അർജന്റീനയുടെ ഏറ്റവും വലിയ ഗോൾ വേട്ടക്കാരനും. 2014 ലോകകപ്പിൽ മികച്ച താരമായ മെസ്സി തന്റെ രാജ്യത്തിനായി കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാൻ ആണ് ഈ കോപ്പ അമേരിക്കയിൽ ശ്രമിക്കുന്നത്.