ഈ കോപ അമേരിക്ക മെസ്സിക്ക് ഓർമ്മിക്കാൻ മാത്രം നല്ലതൊന്നും നൽകിയിരുന്നില്ല. ഇന്ന് അവസാന മത്സരത്തിലും കൂടുതൽ വിഷമങ്ങൾ മാത്രമാണ് മെസ്സിക്കും മെസ്സി ആരാധകർക്കും ലഭിച്ചത്. കോപ അമേരിക്കയിലെ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ മെസ്സി ചുവപ്പ് കാർഡ് വാങ്ങിയാണ് കളി അവസാനിപ്പിച്ചത്. ചിലിക്കെതിരായ പോരിൽ ആദ്യ പകുതിയിലാണ് മെസ്സി ചുവപ്പ് കണ്ടത്.
റഫറിയുടെ വിചിത്രമായ തീരുമാനമാണ് ചുവപ്പിൽ കലാശിച്ചത്. മെസ്സിയും ചിലി താരം മെഡെലും തമ്മിൽ ഉണ്ടായ ഉരസലിന് റഫറി രണ്ട് പേർക്കും ചുവപ്പ് നൽകുകയായിരുന്നു. ഒരു താരങ്ങളും നെഞ്ച് വെച്ച് പരസ്പരം ഇടിച്ചത് ചുവപ്പ് കാർഡിന് മാത്രമുള്ള ഫൗൾ ആയിരുന്നില്ല. എന്നാൽ വാറിൽ പരിശോധന നടത്തിയിട്ട് വരെ തന്റെ തീരുമാനത്തിൽ നിന്ന് മാറാൻ റഫറി തയ്യാറായില്ല.
രണ്ട് പേർക്കും ചുവപ്പ് കണ്ട് കളം വിടേണ്ടി വന്നു. പുറത്താകും മുമ്പ് തന്നെ അർജന്റീനയുടെ ആദ്യ ഗോളിന് മെസ്സി വഴിയൊരുക്കിയിരുന്നു. മെസ്സിയുടെ ഈ കോപയിലെ ആദ്യ അസിസ്റ്റായിരുന്നു ഇത്.