അഭ്യൂഹങ്ങൾക്കും വിവാദങ്ങൾകും ഒടുവിൽ മെസ്സിയുടെ പ്രതികരണം വന്നിരിക്കുകയാണ്. ബാഴ്സലോണയിൽ തുടരും എന്ന് അറിയിച്ചു എങ്കിലും രൂക്ഷമായ ഭാഷയിലാണ് മെസ്സി ബാഴ്സലോണ ബോർഡിനെതിരെ രംഗത്ത് എത്തിയത്. ബാർതൊമെയു എന്ന ക്ലബ് പ്രസിഡന്റ് ഒരു ദുരന്തമാണെന്നും അദ്ദേഹം ഈ ക്ലബിനെ നശിപ്പിക്കുക ആണെന്നും മെസ്സി മാധ്യമങ്ങളോട് പറഞ്ഞു.
ബാർമൊമെയുവിന്റെ കീഴിൽ ബാഴ്സലോണ ഒരു ലക്ഷ്യവും ഇല്ലാത്ത ക്ലബായി മാറി. ഒരു പ്രൊജക്ടും ബാഴ്സലോണയിൽ ഇപ്പോൾ ഇല്ല. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ ബാഴ്സലോണ ഇങ്ങനെ ആവില്ലായിരുന്നു. മെസ്സി പറഞ്ഞു. ഒന്ന് പൊരുതാനുള്ള ടീമെങ്കിലും ഒരുക്കണം. അല്ലായെങ്കിൽ റോമിലും ലിവർപൂളിലും ബയേണെതിരെയും ഒക്കെ സംഭവിച്ച നാണക്കേട് ഇനിയും ആവർത്തിക്കും മെസ്സി പറഞ്ഞു.
താൻ ബാഴ്സലോണയിൽ തുടരും കാരണം താൻ ക്ലബ് വിടണമെന്ന് ആവശ്യപ്പെട്ടപ്പോൾ ബാർതൊമെയു തന്നോട് 700 മില്യൺ വേണമെന്നാണ് പറഞ്ഞത്. അത് അസാധ്യമാണ്. അങ്ങനെ അല്ലായെങ്കിൽ കോടതിയിൽ പോകണം. തന്നെ താനാക്കിയ ക്ലബിനെതിരെ കോടതിയിൽ പോകാൻ താൻ ഉദ്ദേശിക്കുന്നില്ല എന്നും അതാണ് തന്റെ തീരുമാനം എന്നും മെസ്സി പറഞ്ഞു. കുറച്ചു കൂടെ വലിയ ലക്ഷ്യങ്ങൾ തിരഞ്ഞെടുക്കാൻ ഉള്ള അവകാശം തനിക്ക് ഉണ്ട്. എന്നാൽ ആ അവകാശം തനിക്ക് ലഭിച്ചില്ല. എങ്കിലും താൻ നാളെ മുതൽ ബാഴ്സലോണക്ക് ഒപ്പം പരിശീലനം ആരംഭിക്കും. മെസ്സി പറഞ്ഞു.