കോപ്പ ഡെൽ റേ കിരീടം 31ആം തവണയും സ്വന്തമാക്കി ബാഴ്സലോണ. മെസ്സി തന്റെ മികവ് മുഴുവൻ പുറത്തെടുത്തപ്പോൾ രണ്ടാം പകുതിയിൽ അത്ലറ്റിക് ക്ലബ്ബിനെ ഗോളിൽ മുക്കിയാണ് ബാഴ്സലോണ കിരീടം സ്വന്തമാക്കിയത്. ഏകപക്ഷീയമായ 4 ഗോളുകൾക്കായിരുന്നു ബാഴ്സലോണയുടെ ജയം. 2017/ 18 സീസണ് ശേഷം ആദ്യമായാണ് ബാഴ്സലോണ കോപ്പ ഡെൽ റേ കിരീടം സ്വന്തമാക്കുന്നത്. 2018/ 19 സീസണിൽ ലാ ലീഗ കിരീടം നേടിയതിന് ശേഷം ബാഴ്സലോണ സ്വന്തമാക്കുന്ന ആദ്യ കിരീടം കൂടിയാണിത്.
ബാഴ്സലോണക്ക് വേണ്ടി 2021ൽ മികച്ച ഫോം തുടരുന്ന മെസ്സി രണ്ട് ഗോളുകൾ നേടിയപ്പോൾ ഡി യോങ്ങും അന്റോണിയോ ഗ്രീസ്മാനും ബാഴ്സലോണയുടെ മറ്റു ഗോളുകൾ നേടി. ഫൈനലിൽ ആദ്യ പകുതിയിൽ ബാഴ്സലോണയുടെ ആക്രമണങ്ങളുടെ മുനയൊടിക്കാൻ അത്ലറ്റിക് ക്ലബിന് കഴിഞ്ഞെങ്കിലും രണ്ടാം പകുതിയിൽ 14 മിനുറ്റിനിടെ 4 ഗോളുകൾ അടിച്ചു കൂട്ടിയാണ് ബാഴ്സലോണ കിരീടം ചൂടിയത്.