മേഘാലയക്ക് മീതെ പറക്കാനായില്ല, കേരളത്തിന് സമനിലയുടെ നിരാശ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സന്തോഷ് ട്രോഫിയിൽ കേരളത്തിന് നിരാശ നിറഞ്ഞ സമനില. ഇന്ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന കേരളത്തിന്റെ ഗ്രൂപ്പിലെ മൂന്നാം മത്സരത്തിൽ മേഘാലയ കേരളത്തെ സമനിലയിൽ തളച്ചു. 2-2 എന്ന സമനിലയിലാണ് കളി അവസാനിച്ചത്. രണ്ടാം പകുതിയിൽ ക്യാപ്റ്റൻ ജിജോ നഷ്ടമാക്കിയ പെനാൾട്ടി കേരളത്തിന് തിരിച്ചടിയായി.

ഇന്ന് ഒരു മാറ്റവുമായി ഇറങ്ങിയ കേരളത്തിന് പെട്ടെന്ന് തന്നെ ലീഡ് എടുക്കാനായി. 17ആം മിനുട്ടിൽ സഫ്നാദിലൂടെ ആയിരുന്നു കേരളത്തിന്റെ ആദ്യ ഗോൾ‌. വലതു വിങ്ങിലൂടെ ഡ്രിബിൾ ചെയ്ത് കയറി ക്രോസ് നൽകിയ നിജോ ഗിൽബേർട് സഫ്നാദിനെ കണ്ടെത്തി. ഫസ്റ്റ് ടച്ച് ഫിനിഷിൽ കേരളത്തെ മുന്നിൽ എത്തിച്ചു.Img 20220420 Wa0093

ഇതിനു ശേഷം 28ആം മിനുട്ടിൽ സമാനമായ നീക്കത്തിൽ സോയൽ ജോഷിൽ വലർഹു വിങ്ങിൽ നിന്ന് വിക്നേഷിനെ കണ്ടെത്തുകയും വിക്നേഷ് ഗോൾ നേടുകയും ചെയ്തു എങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു.

പിന്നാലെ റാഷിദ് മധ്യനിരയിൽ നിന്ന് ഒരു ലോബ് പാസിലൂടെ നിജോ ഗിൽബേർടിനെ കണ്ടെത്തി. ഗോളി മാത്ര മുന്നിലിരിക്കെ നിജോ തൊടുത്ത് ഷോട്ട് പുറത്തേക്ക് പോയി. 39ആം മിനുട്ടിൽ മേഘാലയയുടെ ഒരു ഫ്രീകിക്ക് ഫുൾ ലെങ്ത് ഡൈവിലൂടെ മിഥുൻ തടഞ്ഞു. പക്ഷെ അധികം നീണ്ടു നിന്നില്ല കേരളത്തിന്റെ പ്രതിരോധം. നാല്പ്പതാം മിനുട്ടിൽ കൈൻസൈബോർ ഒരു ഹെഡറിലൂടെ മിഥുനെ കീഴ്പ്പെടുത്തി. സ്കോർ 1-1. കളി ഇതേ സ്കോറിൽ ആദ്യ പകുതിക്ക് പിരിഞ്ഞു.

രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ കേരളത്തിന് ലീഡ് എടുക്കാൻ അവസരം വന്നു. 49ആം മിനുട്ടിൽ ജെസിനെ വീഴ്ത്തിയതിന് കിട്ടിയ പെനാൾട്ടി പക്ഷെ ക്യാപ്റ്റൻ ജിജോ ജോസഫിന് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. ജിജോയുടെ പെനാൾട്ടി ഗോൾ ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി.

ഈ അവസരം നഷ്ടപ്പെടുത്തിയതിന് കേരളം വലിയ വില കൊടുക്കേണ്ടി വന്നു. 55ആം മിനുട്ടിൽ മഞ്ചേരിയെ നിശബ്ദരാക്കി കൊണ്ട് മേഘാലയയുടെ രണ്ടാം ഗോൾ. ഒരു കോർണറിൽ നിന്ന് ഫിഗോ ആണ് മേഘാലയ്ക്ക് ലീഡ് നൽകിയത്.

ആ ലീഡ് മൂന്ന് മിനുട്ട് മാത്രമേ നീണ്ടു നിന്നുള്ളൂ. കേരളം പെട്ടെന്ന് തന്നെ തിരിച്ചടിച്ചു. ഇടതു വിങ്ങിൽ ലഭിച്ച ഒരു ഫ്രീകിക് അർജുൻ ജയരാജ് ബോക്സിലെക്ക് എത്തിച്ചു. ബോക്സിൽ വെച്ച് ഇടതു വിങ് ബാക്കായ ഷഹീഫ് ആ പന്ത് വലയിൽ എത്തിച്ച് കേരളത്തിന് സമനില നൽകി. സ്കോർ 2-2.
Img 20220420 203912

കേരളം വിജയം ലക്ഷ്യമാക്കി കൂടുതൽ അറ്റാക്ക് നടത്തിയപ്പോൾ മേഘാലയ കൗണ്ടറുകൾക്ക് ആയി കാത്തു നിന്നു. 89ആം മിനുട്ടിൽ കേരളത്തിന്റെ ഒരു ഗോൾ ശ്രമം ഗോൾ പോസ്റ്റിൽ തട്ടി മടങ്ങിയതും തിരിച്ചടിയായി. പിന്നാലെ 90ആം മിനുട്ടിൽ ജിജോയുടെ ഒരു ഗോളെന്ന് ഉറച്ച ഷോട്ട് മേഘാലയ കീപ്പർ തടയുകയും ചെയ്തു.

ഇരു ടീമുകളും അവസാനം വരെ വിജയ ഗോളിനായി ശ്രമിച്ചു എങ്കിലും കളി സമനിലയിൽ അവസാനിച്ചു. 3 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഏഴ് പോയിന്റുമായി കേരളം ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ്. മേഘാലയക്ക് 2 മത്സരങ്ങളിൽ നിന്ന് നാലു പോയിന്റ് ഉണ്ട്.