പാരീസിൽ പിഎസ് ജിയുടെ വിജയക്കൊടി. ഇന്ന് ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ പി എസ് ജി യുവന്റസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു. എമ്പപ്പെയുടെ ആദ്യ പകുതിയിലെ ഇരട്ട ഗോളുകൾ ആണ് പി എസ് ജിക്ക് വിജയം നൽകിയത്
പി എസ് ജി സൂപ്പർ താരങ്ങൾ ഒരു സൂപ്പർ ടീമായി മാറുന്നത് ഈ സീസൺ തുടക്കം മുതൽ കാണുന്നുണ്ട്. അതിന്റെ തുടർച്ചയാണ് ഇന്ന് പാരീസിൽ കണ്ടത്. മത്സരത്തിന്റെ തുടക്കം മുതൽ പി എസ് ജി മത്സരത്തിൽ ആധിപത്യം പുലർത്തി. അഞ്ചാം മിനുട്ടിൽ തന്നെ അവർ ലീഡും എടുത്തു. ഈ ചാമ്പ്യൻസ് ലീഗ് സീസണിൽ കാണാൻ കഴിയുന്ന ഏറ്റവും നല്ല പാസുകളിൽ ഒന്നായി മാറുമെന്ന് ഉറപ്പുള്ള ഒരു പാസിൽ നിന്നായിരുന്നു ആദ്യ ഗോൾ വന്നത്.
പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് നെയ്മർ ചിപ് ചെയ്ത് നൽകിയ പാസിന്റെ വേഗതയും അളവും എല്ലാം കിറു കൃത്യമായിരുന്നു. യുവന്റസ് ഡിഫൻഡേഴ്സിന്റെ തലക്കു മുകളിലൂടെ എംബപ്പയ്ക്ക് ഒരു വോളി തൊടുക്കാൻ പാകത്തിൽ വന്ന ആ പാസ് എംബപ്പെ ലക്ഷ്യത്തിൽ എത്തിച്ചു. പി എസ് ജി 1-0 യുവന്റസ്.
ഇതിനു ശേഷം യുവന്റസിന് ഒരു ഗോൾ അവസരം വന്നു. 18ആം മിനുട്ടിലെ മിലികിന്റെ ഹെഡർ ഡൊണ്ണരുമ്മ തടഞ്ഞത് കൊണ്ട് കളി 1-0 എന്ന് തന്നെ തുടർന്നു. 22ആം മിനുട്ടിൽ എംബപ്പെയുടെ വക രണ്ടാം ഗോൾ വന്നു. ഈ ഗോളും മനോഹരമായിരുന്നു.
ഒരു ട്രെയിനിങ് ഗ്രൗണ്ട് എന്ന പോലെ ഹകിമിയും എംബപ്പെയും വൺ ടച്ച് പാസുകൾ കളിച്ച ശേഷമാണ് എംബപ്പെയുടെ ഫിനിഷ് വന്നത്. സ്കോർ 2-0. പാരീസിൽ പിന്നെ യുവന്റസിന് ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കാൻ പോലും ആകുമായുരുന്നില്ല.
എന്നാൽ രണ്ടാം പകുതിയിൽ സബ്ബായി മക്കെന്നിയെ എത്തിച്ചു കൊണ്ട് അലെഗ്രി നടത്തിയ മാറ്റം ഫലം കണ്ടു. 53ആം മിനുട്ടിൽ മക്കെന്നി തന്നെ ഒരു ഗോൾ മടക്കി. ഇടതു വിങ്ങിൽ നിന്ന് കോസ്റ്റിച് കൊടുത്ത ഒരു ക്രോസ് മക്കെന്നി ഉയർന്ന് ചാടി ഹെഡ് ചെയ്ത് വലയിൽ എത്തിച്ചു. ജനുവരിക്ക് ശേഷം താരം യുവന്റസിനായി നേടുന്ന ആദ്യ ഗോളായിരുന്നു ഇത്. സ്കോർ 2-1.
ഇതിനു ശേഷം സമനിലക്കായി യുവന്റസും ലീഡ് ഉയർത്താൻ പി എസ് ജിയും ശ്രമിച്ചു എങ്കിലും വല പിന്നെ അനങ്ങിയില്ല. എമ്പപ്പെ നിരവധി അവസരങ്ങൾ പാഴാക്കിയത് താരത്തെ ഹാട്രിക്കിൽ നിന്ന് അകറ്റി.