ഫ്രാൻസിലെ തീവ്ര വലതുപക്ഷത്തിനു എതിരെ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബപ്പെ രംഗത്ത്. ജൂൺ 30 നും ജൂലൈ 7 നും ആയി ആണ് ഫ്രാൻസിൽ ദേശീയ പാർലമെന്റിലേക്ക് തിരഞ്ഞെടുപ്പ് നടക്കുക. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ സെൻട്രലിസ്റ്റ് പാർട്ടി നിലവിൽ വലിയ വെല്ലുവിളി ആണ് നേരിടുന്നത്. യൂറോപ്യൻ പാർലമെന്ററി തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തെ തുടർന്ന് ആണ് മക്രോൺ നിലവിൽ ഫ്രഞ്ച് പാർലമെന്റിലേക്ക് ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. നിലവിലെ സൂചനകൾ പ്രകാരം തീവ്ര ഫ്രഞ്ച് വലതുപക്ഷം പാർലമെന്റിൽ അധികാരം പിടിക്കും എന്നാണ് സൂചന. ഇങ്ങനെ വന്നാൽ വലതുപക്ഷക്കാരായ പ്രധാനമന്ത്രിയെ മക്രോണിന് നിയോഗിക്കേണ്ടി വരും. കൂടാതെ 2027 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മക്രോണിനു മത്സരിക്കാനും ആവില്ല.
ഫ്രഞ്ച് വലതുപക്ഷത്തെ നിലവിൽ നയിക്കുന്നത് തീവ്ര നിലപാടുകൾ കൊണ്ട് കുപ്രസിദ്ധി നേടിയ മെറീൻ ലെ പെനും അവരുടെ നാഷണൽ റാലി(ആർ.എൻ) പാർട്ടിയും ആണ്. നിലവിൽ അധികാരത്തിൽ എത്തിയാൽ അവർ ഫ്രഞ്ച് പ്രധാനമന്ത്രി ആവും എന്നാണ് സൂചന. ആദ്യകാലത്ത് വംശീയ പരാമർശങ്ങൾ കൊണ്ടും തീവ്ര വലതുപക്ഷ നിലപാടുകൾ കൊണ്ടും കുപ്രസിദ്ധി നേടിയ അച്ഛൻ ജീൻ-മെറി ലെ പെനിനെക്കാൾ മൃദുനിലപാടുകൾ എടുക്കുന്ന ആളാണ് മെറീൻ ലെ പെൻ അറിയപ്പെട്ടത് എങ്കിലും നിലവിൽ അവരുടെ നിലപാടുകളും വിവാദങ്ങൾ ഉണ്ടാക്കുന്നത് ആണ്. അഭയാർത്ഥികൾക്ക് എതിരെയും പല എൻ.ജി.ഒകൾക്ക് എതിരെയും അവർ നടത്തിയ വംശീയ പരാമർശങ്ങൾ വിവാദം ആയിരുന്നു. നേരത്തെ 1998 ലെ ഫ്രഞ്ച് ഫുട്‌ബോൾ ടീം ആഫ്രിക്കൻ-അറബ് ടീമാണ് എന്ന കുപ്രസിദ്ധ പരാമർശം നടത്തിയ ആളാണ് ജീൻ-മെറി ലെ പെൻ.
യൂറോപ്യൻ യൂണിയനിൽ നിന്നു ഫ്രാൻസിന്റെ പുറത്ത് പോക്ക് വരെ തീവ്രവലതുപക്ഷം അധികാരത്തിൽ എത്തിയാൽ സംഭവിച്ചേക്കും. അതിനാൽ തന്നെ നിലവിലെ കിലിയൻ എംബപ്പെയുടെ പരാമർശം വളരെ പ്രസക്തമായത് ആണ്. രാജ്യത്തെ വിഭജിക്കുന്ന തീവ്ര നിലപാടുകാർക്ക് വോട്ട് ചെയ്യരുത് എന്നു താൻ രാജ്യത്തെ യുവ ജനതയോട് ആവശ്യപ്പെടുക ആണെന്നു പറഞ്ഞ എംബപ്പെ ഫ്രാൻസ് ജേഴ്‌സി താൻ ഏറെ അഭിമാനത്തോടെയാണ് ധരിക്കുന്നത് എന്നും തന്റെ മൂല്യങ്ങൾ പ്രതിനിധീകരിക്കാത്ത ഒരു രാജ്യത്തെ തനിക്ക് പ്രതിനിധീകരിക്കാൻ താൽപ്പര്യം ഇല്ലെന്നും എംബപ്പെ കൂട്ടിച്ചേർത്തു. രാജ്യത്തെ യുവജനത ഫ്രാൻസിന്റെ മൂല്യങ്ങളും സഹിഷ്ണുതയും മനസിലാക്കണം എന്നും അതറിഞ്ഞു തീവ്രനിലപാടുകാർക്ക് എതിരെ വോട്ട് ചെയ്യണം എന്നും ആഹ്വാനം ചെയ്തു. തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് എംബപ്പെയുടെ ആഹ്വാനം തിരഞ്ഞെടുപ്പിൽ എങ്ങനെ പ്രതിഫലിക്കും എന്നു കണ്ടറിയാം.