ഓസ്ട്രേലിയയെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്സില്‍ ബാറ്റഅ ചെയ്യുവാനുള്ള ഇന്ത്യയുടെ തീരുമാനം പാളി. പാറ്റ് കമ്മിന്‍സിന്റെ തീതുപ്പുന്ന പന്തുകള്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കുവാന്‍ ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ പതറിയപ്പോള്‍ ഇന്ന് ഇന്ത്യന്‍ ഇന്നിംഗ്സില്‍ വീണ അഞ്ച് വിക്കറ്റുകളില്‍ നാലും നേടി പാറ്റ് കമ്മിന്‍സ് ഓസീസ് നിരയിലെ സുവര്‍ണ്ണ താരമായി മാറി.
മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 54/5 എന്ന നിലയിലാണ്. വിരാട് കോഹ്‍ലിയും ചേതേശ്വര്‍ പുജാരയും പൂജ്യത്തിനു പുറത്തായപ്പോള്‍ ഓപ്പണര്‍മാര്‍ മാത്രമാണ് ടീമില്‍ ഇതുവരെ രണ്ടക്കം കടന്നത്. 13 റണ്‍സ് നേടിയ ഹനുമ വിഹാരി പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 28 ആയിരുന്നു. 28/0 എന്ന നിലയില്‍ നിന്ന് രണ്ട് ഓവറുകളുടെ വ്യത്യാസത്തില്‍ ഇന്ത്യ 28/3 എന്ന നിലയിലേക്കും പിന്നീട് 44/5 എന്ന നിലയിലേക്കും കൂപ്പ് കുത്തുകയായിരുന്നു.
ഇന്ത്യയ്ക്കായി 28 റണ്‍സുമായി മയാംഗ് അഗര്‍വാലും 6 റണ്‍സ് നേടി ഋഷഭ് പന്തുമാണ് ക്രീസില്‍ നില്‍ക്കുന്നത്. പാറ്റ് കമ്മിന്‍സിനു പുറമെ ജോഷ് ഹാസല്‍വുഡ് ആണ് വിക്കറ്റ് നേടിയ മറ്റൊരു താരം. ഇന്ത്യയ്ക്ക് നിലവില്‍ മത്സരത്തില്‍ 346 റണ്‍സിന്റെ ലീഡാണ് കൈവശമുള്ളത്.