ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ടി20യിലും ഇന്ത്യയ്ക്ക് പരാജയം. ഗ്ലെന്‍ മാക്സ്വെല് തന്റെ മികച്ച ഫോം തുടര്‍ന്ന മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ 7 വിക്കറ്റ് ജയവും പരമ്പരയും സ്വന്തമാക്കി ഓസ്ട്രേലിയ. ഗ്ലെന്‍ മാക്സ്വെല് പുറത്താകാതെ 113 റണ്‍സ് നേടിയ മത്സരത്തില്‍ ഇന്ത്യ നല്കിയ 191 റണ്‍സ് ലക്ഷ്യം 2 പന്ത് അവശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഓസ്ട്രേലിയ മറികടന്നത്.
ആദ്യ നാലോവറിനുള്ളില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട ഓസ്ട്രേലിയയ്ക്ക് ഡാര്‍സി ഷോര്‍ട്ടും മാക്സ്വെല്ലും കൂടിയാണ് മികച്ച അടിത്തറ പണിതത്. 73 റണ്‍സ് മൂന്നാം വിക്കറ്റില്‍ കൂട്ടുകെട്ട് നേടിയപ്പോള്‍ വിജയ് ശങ്കറാണ് ഷോര്‍ട്ടിനെ പുറത്താക്കി കൂട്ടുകെട്ട് ഭേദിച്ചത്. 28 പന്തില്‍ നിന്ന് 40 റണ്‍സാണ് ഷോര്‍ട്ട് നേടിയത്. എന്നാല്‍ ഷോര്‍ട്ട് പുറത്തായ ശേഷവും തന്റെ ശൈലിയില്‍ ബാറ്റിംഗ് തുടര്‍ന്ന മാക്സ്വെല് 50 പന്തില്‍ നിന്ന് തന്റെ ശതകം പൂര്‍ത്തിയാക്കി ഓസ്ട്രേലിയയെ വിജയത്തിലേക്ക് നയിച്ചു. ഒപ്പം 20 റണ്‍സുമായി പീറ്റര്‍ ഹാന്‍ഡ്സ്കോമ്പും മികച്ച പിന്തുണ താരത്തിനു നല്കി.
9 സിക്സും 7 ഫോറും സഹിതമായിരുന്നു ഓസ്ട്രേലിയയുടെ വെടിക്കെട്ട് താരത്തിന്റെ തീപ്പൊരി പ്രകടനം. അവസാന അഞ്ചോവറില്‍ ജയിക്കുവാന്‍ 60 റണ്‍സ് എന്ന നിലയില്‍ നിന്നാണ് മാക്സ്വെല് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ലക്ഷ്യം രണ്ടോവറില്‍ 14 റണ്‍സായിരുന്നപ്പോള്‍ കഴിഞ്ഞ മത്സരത്തിലേത് പോലെ ജസ്പ്രീത് ബുംറ എറിഞ്ഞ ഓവറില്‍ 5 റണ്‍സ് മാത്രമേ ഓസ്ട്രേലിയയ്ക്ക് നേടാനായുള്ളു. എന്നാല്‍ വിക്കറ്റൊന്നും വീഴ്ത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല.
അവസാന ഓവറില്‍ ജയിക്കാന്‍ 9 റണ്‍സ് വേണ്ടപ്പോള്‍ ആദ്യ രണ്ട് പന്തില്‍ ഓസ്ട്രേലിയ സിംഗിളുകള്‍ മാത്രമേ നേടിയുള്ളുവെങ്കിലും മൂന്നാം പന്തില്‍ സിക്സറിലൂടെ മാക്സ്വെല് സ്കോറുകള്‍ ഒപ്പമെത്തിച്ചു. അടുത്ത പന്തില്‍ ബൗണ്ടറി നേടി ഓസ്ട്രേലിയ മത്സരവും പരമ്പരയും സ്വന്തമാക്കി. 55 പന്തില്‍ നിന്നാണ് അപരാജിതനായി നിന്ന് മാക്സ്വെല് തന്റെ 113 റണ്‍സ് നേടിയത്.