വിന്‍ഡീസിന്റെ കനത്ത വെല്ലുവിളിയെ അതിജീവിച്ച് 4 റൺസ് വിജയം നേടി ഓസ്ട്രേലിയ. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും കൈവിട്ട ടീമിന് നാലാം മത്സരത്തിൽ കടമ്പ കടക്കുവാന്‍ സഹായിച്ചത് ബാറ്റിംഗിലെ മികച്ച പ്രകടനത്തിനൊപ്പം ബൗളര്‍മാരും അവസരത്തിനൊത്തുയര്‍ന്നാണ് കളി ടീമിനൊപ്പം നിന്നത്.
190 റൺസെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വെസ്റ്റിന്‍ഡീസിന് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. എവിന്‍ ലൂയിസും ലെന്‍ഡൽ സിമ്മൺസും ചേര്‍ന്ന് നല്‍കിയ മിന്നും തുടക്കത്തിന്റെ ബലത്തിൽ ആതിഥേയര്‍ 62 റൺസിലേക്ക് കുതിയ്ക്കുകയായിരുന്നു.
14 പന്തിൽ 31 റൺസ് നേടിയ എവിന്‍ ലൂയിസിനെ നഷ്ടമായ ശേഷം ക്രിസ് ഗെയിൽ, ആന്‍ഡ്രേ ഫ്ലെച്ചര്‍ എന്നിവരെയും വിന്‍ഡീസിന് വേഗത്തിൽ നഷ്ടമായി. 48 പന്തിൽ 72 റൺസ് നേടിയ സിമ്മൺസിനെ നഷ്ടമാകുമ്പോള്‍ 132/5 എന്ന നിലയിലായിരുന്നു വിന്‍ഡീസ്. നിക്കോളസ് പൂരനെയും സിമ്മൺസിനെയും ഒരേ ഓവറിൽ പുറത്താക്കി മിച്ചൽ മാര്‍ഷാണ് ഓസ്ട്രേലിയന്‍ തിരിച്ചുവരവ് സാധ്യമാക്കിയത്.
പിന്നീട് ആറാം വിക്കറ്റിൽ ഫാബിയന്‍ അല്ലെനും ആന്‍ഡ്രേ റസ്സലും ചേര്‍ന്ന് വിന്‍ഡീസിനെ വിജയത്തിലേക്ക് നയിപ്പിക്കുമെന്നാണ് തോന്നിപ്പിച്ചതെങ്കിലും 19ാം ഓവറിന്റെ അവസാന പന്തിൽ 14 പന്തിൽ 29 റൺസ് നേടിയ ഫാബിയന്‍ അല്ലെന്‍ പുറത്താകുകയായിരുന്നു.
2 ഓവറിൽ 36 റൺസ് വേണ്ട ഘട്ടത്തിൽ റൈലി മെറിഡിത്തിന്റെ ഓവറിൽ നാല് സിക്സര്‍ പറത്തി വിന്‍ഡീസ് ക്യാമ്പിൽ ആഹ്ലാദം നിറച്ചുവെങ്കിലും അവസാന പന്തിൽ അല്ലന്‍ പുറത്തായപ്പോള്‍ 11 റൺസായിരുന്നു അവസാന ഓവറിലെ ലക്ഷ്യം. ക്രീസിൽ അപകടകാരിയായ ആന്‍ഡ്രേ റസ്സൽ നില്‍ക്കുമ്പോള്‍ വിജയം വിന്‍ഡീസിനൊപ്പമാകുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും മിച്ചൽ സ്റ്റാര്‍ക്ക് എറിഞ്ഞ ഓവറിൽ ആറ് റൺസ് മാത്രമേ വിന്‍ഡീസിന് നേടാനായുള്ളു.
6 വിക്കറ്റ് നഷ്ടത്തിൽ 185/6 എന്ന സ്കോറിലേക്ക് വിന്‍ഡീസ് എത്തിയപ്പോള്‍ റസ്സൽ 13 പന്തിൽ പുറത്താകാതെ റസ്സൽ 24 റൺസുമായി നിന്നു. ഓസ്ട്രേലിയയ്ക്കായി മിച്ചൽ മാര്‍ഷ് മൂന്ന് വിക്കറ്റും ആഡം സംപ 2 വിക്കറ്റും നേടി. തന്റെ ഓള്‍റൗണ്ട് പ്രകടനത്തിന് മാര്‍ഷ് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.