ഫുട്‌ബോൾ കളിച്ചവർ ഒരുപാട് ആണ്, ഫുട്‌ബോൾ കൊണ്ടു മാജിക് കാണിച്ചവർ ഒരുപാട് ആണ്, ഫുട്‌ബോൾ കവിത ആക്കിയവരും ഒരുപാട് ആണ്. അതേസമയം ഫുട്‌ബോൾ ശാരീരികമായ യുദ്ധം ആയി കണ്ടവരും ഒരുപാട് ആണ്, ഇതിനിടയിൽ കളിച്ചു വീണവർ ഉണ്ട്, ഓർക്കാൻ നിമിഷങ്ങൾ സമ്മാനിച്ചവർ ഉണ്ട്, ഓർക്കാൻ ഒരുപാട് ദിവസങ്ങൾ സമ്മാനിച്ചവർ ഉണ്ട്, മാസങ്ങളും വർഷങ്ങളും ചിലപ്പോൾ ദശാബ്ദങ്ങളും ഓർമ്മകൾ സമ്മാനിച്ചവർ ഉണ്ട്. ഇവർക്കെല്ലാം അപ്പുറം ഒരു ജീവിതം മുഴുവൻ ഓർമ്മയാവാൻ പറ്റുമെങ്കിൽ അതാണ് ഡീഗോ മറഡോണ!
അയ്യാളെ പോലൊരു നായകനെ ഫുട്‌ബോൾ കണ്ടിട്ടില്ല, അയ്യാളെ പോലൊരു വില്ലനെയും ഫുട്‌ബോൾ കണ്ടിട്ടില്ല! നായക, പ്രതിനായക വേഷങ്ങളിൽ അയ്യാൾ ആർക്കും പിടി കൊടുക്കാൻ പറ്റാത്ത വിധം വ്യത്യസ്തൻ ആയിരുന്നു. അയ്യാൾക്ക് മാത്രം പറ്റുന്ന വിധം അയ്യാൾക്ക് അല്ലാതെ മറ്റാർക്കും ചെയ്യാൻ സാധിക്കാത്ത വേഷം അത് അയ്യാളുടെ മാത്രം ആയിരുന്നു. ഒറ്റക്ക് അർജന്റീനക്ക് ലോകകപ്പ് കിരീടം നേടി കൊടുത്ത, നേപ്പിൾസിനെ പരിഹാസങ്ങൾക്കും കളിയാക്കളുകൾക്കും മുകളിൽ ഉന്നതിയിൽ എത്തിച്ച ദൈവം, ഫുട്‌ബോൾ കണ്ട ഒരേയൊരു ദൈവം അത് മറഡോണ മാത്രം ആണ്. കയ്യു കൊണ്ട് ഗോൾ അടിച്ച, മയക്കുമരുന്ന് ഉപയോഗിച്ച, ഉദ്ദേജനമരുന്നു ഉപയോഗിച്ച് എന്ന പേരുദോഷം കേട്ട പിശാചും മറഡോണ ആയിരുന്നു.
ഫുട്‌ബോൾ ചരിത്രത്തിൽ ഇത്രയും വലിയ താരം ഒരിക്കലും ഉണ്ടായിരുന്നോ എന്നത് സംശയം ആണ്, ഇത്രയും അനുഗ്രഹീതനായ, ഇത്രയും മാന്ത്രികത നിറഞ്ഞ ഫുട്‌ബോൾ താരം ഉണ്ടായിരുന്നോ അറിയില്ല. നീതിക്ക് ആയി ശബ്ദിക്കാൻ, നീതിക്കായി ദൈവത്തെ പോലും വെല്ലുവിളിക്കാൻ മടിക്കാത്ത മനുഷ്യനും അയ്യാൾ ആയിരുന്നു. ഫുട്‌ബോൾ ദൈവവും ഫുട്‌ബോൾ കണ്ട ഏറ്റവും വലിയ റിബലും അയ്യാൾ മാത്രം ആണ്. മറഡോണ മരിച്ചു എന്നു കേൾക്കുമ്പോൾ എങ്ങനെയാണ് എന്നത് ആണ് ചോദ്യം, അയ്യാൾക്ക് എങ്ങനെ മരിക്കാൻ സാധിക്കും കാരണം അയ്യാൾ അത്രമേൽ നമ്മുടെ ഹൃദയങ്ങളിൽ പതിഞ്ഞു പോയിരിക്കുന്നു. മരണം തിരിച്ചു വിളിച്ചു എങ്കിലും ഓർമ്മകളിൽ മറഡോണ ഒരിക്കലും മരിക്കുന്നില്ല, അന്നും ഇന്നും എന്നും മറഡോണ ഹൃദയത്തിൽ ഉള്ളപ്പോൾ അയ്യാൾ മരിക്കുന്നില്ല, എങ്കിലും ഈ വാർത്ത അത്രമേൽ ഹൃദയവേദന നൽകുന്നുണ്ട്. വിട പറയാൻ സാധിക്കുന്നില്ല കാരണം നിങ്ങൾ അത്രമേൽ പ്രിയപ്പെട്ടവൻ ആണ്.