മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് അവസാന മണിക്കൂറുകൾ സന്തോഷത്തിന്റേത് ആണ്. രണ്ട് നല്ല വാർത്തകൾ ആണ് അവർക്ക് ക്ലബിൽ നിന്ന് ലഭിച്ചത്. സൂപ്പർ ലീഗിൽ നിന്ന് ക്ലബ് പിന്മാറുന്നു എന്നതും എഡ് വൂഡ്വാർഡ് ക്ലബിന്റെ തലപ്പത്ത് നിന്ന് പോകുന്നു എന്നതും. രണ്ട് തീരുമാനങ്ങൾക്ക് പിറകിലും മാഞ്ചസ്റ്റർ യുണൈറ്റഡിലെ താരങ്ങൾക്ക് വലിയ പങ്കുണ്ട്.
യൂറോപ്യൻ സൂപ്പർ ലീഗിൽ ചേരാനുള്ള ക്ലബിന്റെ തീരുമാനത്തെ താരങ്ങൾ വലിയ രീതിയിൽ തന്നെ പ്രതിരോധിച്ചു. ഇന്നലെ നടന്ന ടീം മീറ്റിംഗിൽ ബ്രൂണൊ ഫെർണാണ്ടസും മഗ്വയറും ലൂക് ഷോയും മുന്നിൽ നിന്ന് എഡ്വൂഡ്വാർഡിനെ എതിർത്തു എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ മൂന്ന് താരങ്ങൾ സ്ക്വാഡിനു വേണ്ടിയും ഫുട്ബോളിനു വേണ്ടിയും നിലകൊണ്ടപ്പോൾ ക്ലബിന്റെ സമ്പന്ന ഉടമകളും അവരുടെ കാര്യങ്ങൾ നടത്തി കൊണ്ടിരുന്ന വൂഡ്വാർഡും പതറി.
തന്റെ തീരുമാനങ്ങൾ നടപ്പിലാകില്ല എന്ന് ഉറപ്പായതോടെയാണ് വൂഡ്വാർഡ് മാഞ്ചസ്റ്റർ യുണൈറ്റഡിലെ തന്റെ സ്ഥാനം ഒഴിയുക ആണെന്ന് അറിയിച്ചത്. വൂഡ്വാർഡ് ക്ലബിന്റെ തലപ്പത്ത് എത്തിയത് മുതൽ ദുരിതങ്ങൾ മാത്രമേ ക്ലബിന് ഉള്ളൂ എന്നതു കൊണ്ട് തന്നെ വൂഡ്വാർഡ് ക്ലബ് വിടുന്നതിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്കുൻ തീർത്തും സന്തോഷം മാത്രമേ കാണുകയുള്ളൂ. ഈ മൂന്ന് താരങ്ങൾ മാത്രമല്ല സാമൂഹിക മാധ്യമങ്ങളിലൂടെ മാർക്കസ് റാഷ്ഫോർഡും സൂപ്പർ ലീഗിനെതിരെ തുറന്നടിച്ചിരുന്നു.