പരിശീലകൻ ഒലെയെ പുറത്താക്കിയ ശേഷം ആദ്യമായി ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയത്തോടെ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിലേക്ക് മുന്നേറി. ഇന്ന് സ്പെയിനിൽ ചെന്ന് വിയ്യറയലിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളിനാണ് ഇന്ന് വിജയിച്ചത്. താല്ല്കാലിക പരിശീലക ചുമതലയുള്ള കാരിക്കിന് ആത്മവിശ്വാസം നൽകുന്നതാകും ഈ വിജയം. ഇന്ന് കാരിക്ക് ബ്രൂണോയെ ബെഞ്ചിൽ ഇരുത്തി ആണ് തുടങ്ങിയത് എങ്കിലും ആ നീക്കം ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഗുണം ചെയ്തില്ല.
ആദ്യ പകുതിയിൽ വിയ്യറയലിന്റെ ആധിപത്യം ആണ് കാണാൻ കഴിഞ്ഞത്. ഡിഹിയയുടെ രണ്ട് മികച്ച സേവുകൾ വേണ്ടി വന്നു യുണൈറ്റഡിനെ രക്ഷിക്കാൻ. രണ്ടാം പകുതിയിൽ റഷ്ഫോർഡിനെയും ബ്രൂണോയെയും ഇറക്കിയതോടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താളം കണ്ടെത്തി തുടങ്ങിയത്. ബ്രൂണോയുടെ പാസിൽ നിന്ന് സാഞ്ചോയ്ക്ക് കിട്ടിയ അവസരം ഗോളെന്ന് ഉറച്ചു എങ്കിലും മികച്ച സേവിലൂടെ വിയ്യറയൽ കീപ്പർ റുലി സാഞ്ചോയെ തടഞ്ഞു.
78ആം മിനുട്ടിൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് എടുത്തത്. വിയ്യറയൽ ഡിഫൻസിന്റെ അബദ്ധം മുതലെടുത്ത് റൊണാൾഡോ പന്ത് വലയിൽ എത്തിക്കുക ആയിരുന്നു. ചാമ്പ്യൻസ് ലീഗിൽ റൊണാൾഡോ യുണൈറ്റഡിനെ രക്ഷിക്കുന്നതിന്റെ ആവർത്തനമായിരുന്നു ഈ ഗോൾ. ഈ ചാമ്പ്യൻസ് ലീഗിലെ റൊണാൾഡോയുടെ ആറാം ഗോളായിരുന്നു ഇത്.
അവസാന നിമിഷങ്ങളിൽ ലീഡ് ഇരട്ടിയാക്കാൻ യുണൈറ്റഡിന് അവസരങ്ങൾ ലഭിച്ചു. 89ആം മിനുട്ടിൽ ഒരു കൗണ്ടർ അറ്റാക്കിൽ നിന്ന് ജേഡൻ സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലീഡ് ഇരട്ടിയാക്കി വിജയം ഉറപ്പിച്ചു. സാഞ്ചോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് കരിയറിലെ ആദ്യ ഗോളാണിത്.
ഈ ജയത്തോടെ 10 പോയിന്റുമായി യുണൈറ്റഡ് പ്രീക്വാർട്ടർ ഉറപ്പിച്ചു. വിയ്യറയൽ 7 പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാമത് നിൽക്കുകയാണ്.