ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നിർണായക വിജയം. ഇന്ന് എവേ ഗ്രൗണ്ടിൽ ഫുൾഹാമിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് മറുപടിയില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. ഡിഫൻഡർ ലിസാൻഡ്രോ മാർട്ടിനസാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയ ഗോൾ നേടിയത്.
ഇന്ന് ക്രേവൻ കോട്ടേജിലും മാഞ്ചസ്റ്റർ യുണൈറ്റഡ് താളം കണ്ടെത്താൻ പ്രയാസപ്പെടുന്നത് ആണ് കണ്ടത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു ഷോട്ട് പോലും ആദ്യ പകുതിയിൽ ടാർഗറ്റിലേക്ക് തൊടുത്തില്ല. രണ്ടാം പകുതിയിൽ യുണൈറ്റഡ് മാറ്റങ്ങൾ വരുത്തി എങ്കിലും അതും വലിയ മാറ്റങ്ങൾ ഉണ്ടാക്കിയില്ല.
78ആം മിനുറ്റിൽ ലിസാൻഡ്രോ മാർട്ടിനസിന്റെ ഒരു ലോംഗ് റേഞ്ചർ ഡിഫ്ലക്ഷന്റെ സഹായത്തോടെ വലയിൽ എത്തി. മാഞ്ചസ്റ്റർ യുണൈറ്റഡ് 1-0.
ഇതിനു ശേഷം ഫുൾഹാം സമനില ഗോളിനായി ശ്രമിച്ചു. ടോബിൽ കോലിയറുടെ ഒരു ഗോൾ ലൈൻ ക്ലിയറൻസ് 88ആം മിനുറ്റിൽ യുണൈറ്റഡിന് രക്ഷയായി. 95ആം മിനുറ്റിൽ അമദ് ദിയാലോയുടെ ഫിനിഷ് മാഞ്ചസ്റ്റർ യുണൈറ്റഡിന് രണ്ടാം ഗോളു നൽകി. പക്ഷെ വാർ പരിശോധനയിൽ അത് ഓഫ്സൈഡ് ആണെന്ന് വിധി വന്നു. എങ്കിലും അവസാനം ജയം ഉറപ്പിക്കാൻ യുണൈറ്റഡിനായി.
ഈ വിജയം മാഞ്ചസ്റ്റർ യുണൈറ്റഡിനെ 29 പോയിന്റുമായി 12ആം സ്ഥാനത്ത് എത്തിച്ചു. ഫുൾഹാം 33 പോയിന്റുമായി പത്താം സ്ഥാനത്ത് നിൽക്കുന്നു.