ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നോക്കൗട്ട് യോഗ്യതക്ക് അരികെ. ഇന്ന് നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തുർക്കിഷ് ക്ലബായ ബസക്ഷയിറിനെ തോൽപ്പിച്ചു. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം. തുർക്കിയിൽ വെച്ച് നേരത്തെ ഏറ്റുമുട്ടിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പൊക്കാൻ ബസക്ഷയിറിനായിരുന്നു. എന്നാൽ അ പരാജയത്തിന് മറുപടി പറയാൻ ഉറച്ചായിരുന്നു യുണൈറ്റഡ് ഇറങ്ങിയത്.
ബ്രൂണൊ ഫെർണാണ്ടസ്, വാൻ ഡെ ബീക്, മാർഷ്യൽ, റാഷ്ഫോർഡ്, കവാനി എന്നിവരെ ഒക്കെ ആദ്യ ഇലവനിൽ ഇറക്കി തീരുത്തും അറ്റാക്കിംഗ് തന്ത്രമായിരുന്നു ഒലെ ഒരുക്കിയത്. അതിനുള്ള ഫലവും ടീമിന് ലഭിച്ചു. മത്സരത്തിന്റെ ഏഴാം മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡിൽ എത്തി. ബോക്സിന് പുറത്ത് നിന്നുള്ള ബ്രൂണൊ ഫെർണാണ്ടസിന്റെ ഗംഭീര സ്ട്രൈക്കിലൂടെ ആയിരുന്നു യുണൈറ്റഡിന്റെ ആദ്യ ഗോൾ.
19ആം മിനുട്ടിൽ ബ്രൂണൊ ഫെർണാണ്ടസ് വീണ്ടും ഗോൾ വല കുലുക്കി. ഇത്തവണ ബസക്ഷയിർ ഗോൾ കീപ്പറുടെ അബദ്ധം മുതലെടുത്ത് വളരെ അനായാസമാണ് ബ്രൂണോ രണ്ടാം ഗോൾ നേടിയത്. ആദ്യ പകുതിയിൽ തന്നെ ഒരു പെനാൾട്ടിയിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാമത്തെ ഗോളും നേടി. റാഷ്ഫോർഡ് ആയിരുന്നു പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ പ്രധാന താരങ്ങളെ പിൻവലിച്ചത് കളിയുടെ ആവേശം കുറക്കാൻ കാരണമായി. 74ആം മിനുട്ടിൽ ഒരു ഫ്രീകിക്കിലൂടെ ടുറുച് തുർക്കിഷ് ടീമിന്റെ ആശ്വാസ ഗോൾ നേടി. ഇഞ്ച്വറി ടൈമിൽ ഡാനിയൽ ജെയിംസ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നാലാം ഗോൾ നേടി ഗോൾ പട്ടിക പൂർത്തിയാക്കി.
ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഗ്രൂപ്പിൽ 9 പോയിന്റായി. ഇനി ഒരു സമനില മതിയാകും മാഞ്ചസ്റ്റർ യുണൈറ്റഡിന് നോക്കൗട്ട് റൗണ്ടിൽ എത്താൻ.