ഇന്ന് ജുലാൻ ഗോസ്വാമിയുടെ അവസാന മത്സരം എന്ന നിലയിൽ അറിയപ്പെടേണ്ടിയിരുന്ന ചർച്ച ചെയ്യേണ്ടിയിരുന്നു ഇംഗ്ലണ്ടും ഇന്ത്യയുമായുള്ള അവസാന ഏകദിനം പക്ഷെ മറ്റൊരു ചർച്ചയിലേക്ക് മാറിയിരിക്കുകയാണ്. മങ്കാദ് ചർച്ചയിലേക്ക്. ഇന്ന് അവസാന ഘട്ടത്തിൽ ഇന്ത്യയുടെ വിജയം ഉറപ്പിച്ചത് മങ്കാദിംഗ് രീതിയിൽ ദീപ്തി ശർമ്മ ഡീനിനെ പുറത്താക്കി കൊണ്ടായിരുന്നു.
ആർക്കും എപ്പോഴും ഉപയോഗിക്കാവുന്ന ‘മങ്കാദ്’ കളിയുടെ എതിക്സിന് ചേർന്നതല്ല എന്ന മുറവിളിയാണ് ഇംഗ്ലണ്ടിൽ നിന്ന് വീണ്ടും ഉയരുന്നത്. പക്ഷെ ഇന്ന് ദീപ്തി ശർമ്മ ചെയ്തത് തീർത്തും ശരി ആയിരുന്നു. ക്രിക്കറ്റിൽ എഴുതപ്പെട്ട ഒരു നിയമം വിജയിക്കാൻ വേണ്ടി ഉപയോഗിക്കുന്നത് എങ്ങനെയാണ് തെറ്റാവുക. മങ്കാദിംഗ് ഇത്ര നിർണായകമായ ഒരു ഘട്ടത്തിൽ ഉപയോഗിക്കാൻ കാണിച്ച കൂർമ്മബുദ്ധിയെ അഭിനന്ദിക്കുകയാണ് ചെയ്യേണ്ടത്.
അവസാന വിക്കറ്റിൽ ഫ്രേയ ഡേവിസിനെ കൂട്ടുപിടിച്ച് ചാര്‍ലട്ട് ഡീൻ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ച സമയത്തായിരുന്നു പന്ത് എറിയും മുമ്പ് കളം വിട്ട നോൺ സ്ട്രൈക്കിങ് എൻഡിലെ ഡീനിനെ ദീപ്തി പുറത്താക്കിയത്. 47 റൺസ് നേടിയ ഡീൻ കരഞ്ഞു കൊണ്ടാണ് കളം വിട്ടത്.
മുമ്പ് അശ്വിൻ ബട്ലറെ പുറത്താക്കിയപ്പോൾ ഉണ്ടായത് പോലെ വിവാദ ചർച്ചകൾ തുടരും. ഇന്ത്യയോട് പരമ്പര 3-0ന് തോറ്റതിന്റെ ക്ഷീണം ഇംഗ്ലണ്ടിന് ഇങ്ങനെ തീർക്കാം. പക്ഷെ മങ്കാദിംഗ് ക്രിക്കറ്റിൽ സ്വാഭാവികതയാകാൻ ദീപ്തിയുടെ ഇന്നത്തെ ഡിസിഷൻ മേകിങ് കൊണ്ട് സാധ്യമാകും.